കൊച്ചി: പയ്യന്നൂരിൽ പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്‌ഐ നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് ഹൈക്കോടതി (V K Nishad). അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ സാഹചര്യങ്ങൾ പരിഗണിച്ചാണ് കോടതി പരോൾ അനുവദിച്ചത്.
പരോൾ അനുവദിക്കണമെന്ന നിഷാദിന്റെ അപേക്ഷ നേരത്തെ ജയിൽ സൂപ്രണ്ട് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി അഞ്ച് ദിവസത്തേക്ക് അടിയന്തര പരോൾ അനുവദിക്കുകയായിരുന്നു.
നവംബർ 25-നാണ് ബോംബേറ് കേസിൽ വി.കെ. നിഷാദിനെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്. തുടർന്ന് ഡിസംബർ 26-ന് ഒരു മാസത്തിനുശേഷം ആദ്യമായി പരോൾ ലഭിച്ചു. പിന്നീട് ജനുവരി 11 വരെ പരോൾ നീട്ടുകയും, തുടർന്ന് വീണ്ടും 15 ദിവസത്തേക്ക് അനുവദിക്കുകയും ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ പിതാവിന്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നൽകിയത്. പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയുടെ പേരിലും പരോൾ തേടിയിരുന്നു. ഫെബ്രുവരിയിൽ വീണ്ടും ഏഴ് ദിവസത്തെ പരോളും ലഭിച്ചു.
അതേസമയം, നേരത്തെ പരോളിലിരിക്കെ കോടതി നിശ്ചയിച്ച വ്യവസ്ഥകൾ ലംഘിച്ച് വി. കുഞ്ഞിക്കൃഷ്ണനെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തെന്ന ആരോപണവും നിഷാദിനെതിരെ ഉയർന്നിരുന്നു.
ഇതിനിടെ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുന്നതിനിടെയാണ് വി.കെ. നിഷാദ് മത്സരിച്ച് വിജയിച്ചത്. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് ശിക്ഷ വിധിക്കപ്പെട്ടത്. അതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമതടസ്സമുണ്ടായിരുന്നില്ല. എന്നാൽ ശിക്ഷ റദ്ദാക്കപ്പെടാത്തതിനാൽ ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
Story Summary:
The Kerala High Court has granted DYFI leader V.K. Nishad a five-day emergency parole for his mother’s medical treatment. Nishad is serving a 20-year sentence in the Payyanur police bomb attack case and has received parole on multiple occasions.


