കണ്ണൂർ: മുൻ എംപിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരെ വ്യാജ പെൻഷൻ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ജനം ടിവി, കർമ ന്യൂസ്, സുദിനം ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ടവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നടപടി ആരംഭിച്ചു. കണ്ണൂർ സൈബർ പൊലീസാണ് കേസെടുക്കുന്നത്. (P K Sreemathy Fake Pension)
കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്നും അധികൃതർ വേഗത്തിൽ ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും പി.കെ. ശ്രീമതി പ്രതികരിച്ചു. എന്നാൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി പൂർത്തിയാകുന്നതുവരെ പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെ തുടർന്ന് തനിക്ക് വലിയ മാനസിക വിഷമം ഉണ്ടായെന്നും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ ഇടപെടലും സംസ്ഥാന പൊലീസ് മേധാവിയുടെ (ഡിജിപി) നേരിട്ടുള്ള ഇടപെടലും ഉണ്ടായതായും പി.കെ. ശ്രീമതി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സൈബർ പൊലീസ് സംഘം ശ്രീമതിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് തീരുമാനം. വ്യാജ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങളെയും വാർത്ത പ്രചരിപ്പിച്ച വ്യക്തികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. സംഭവത്തിന് പിന്നിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട്, കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. അവർ 2020-ൽ മരിക്കുന്നതുവരെ നിയമാനുസൃതമായി കുടുംബ പെൻഷൻ കൈപ്പറ്റിയിരുന്നു. ഈ വിവരമാണ് തെറ്റായി വ്യാഖ്യാനിച്ച് മുൻ എംപിയായ പി.കെ. ശ്രീമതിയുടെ പേരിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Summary: Kerala Police are set to register a case against Janam TV, Karma News, Sudinam and others over the circulation of an allegedly false report linking former MP P.K. Sreemathy to a family pension. Sreemathy said she would pursue legal action until those responsible are held accountable.


