തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനമാകും (Kerala UDF Cabinet expansion 2026). നാളെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രിമാരുടെ പൂർണ്ണ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് എഐസിസി (AICC) പ്രതിനിധി ദീപ ദാസ് മുൻഷി അറിയിച്ചു. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നാളെ രാവിലെയും ചർച്ചകൾ തുടരുമെന്നും അവർ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ രാജ്ഭവനിൽ നടക്കുക.
ധനവകുപ്പ് മുഖ്യമന്ത്രിക്ക്? ആഭ്യന്തരം ചെന്നിത്തലയ്ക്ക്
വി.ഡി. സതീശൻ മന്ത്രിസഭയിൽ ഏറ്റവും സുപ്രധാനമായ ധനവകുപ്പ് മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്തേക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചന. ആഭ്യന്തര വകുപ്പ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ഹൈക്കമാൻഡ് തലത്തിൽ ധാരണയായതോടെയാണ് ധനവകുപ്പ് സതീശൻ സ്വന്തം കൈകളിൽ നിലനിർത്താൻ ഒരുങ്ങുന്നത്.
കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്; സണ്ണി ജോസഫിന് നിർണ്ണായക വകുപ്പ്
സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺഗ്രസ് നേതാക്കളുടെ പട്ടിക ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് അതിപ്രധാനമായ വകുപ്പ് തന്നെ നൽകിയേക്കും. പട്ടികയിലേക്ക് ഏതാനും പേരുകൾ കൂടി പരിഗണനയിലുണ്ട്.
ഒടുവിൽ അഞ്ചാം മന്ത്രിപദം നേടി മുസ്ലിം ലീഗ്
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ തർക്കം നിലനിന്നിരുന്ന അഞ്ചാം മന്ത്രിപദമെന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് വിജയം കണ്ടു. സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാരെ നൽകാൻ കോൺഗ്രസ് നേതൃത്വം സമ്മതിച്ചിട്ടുണ്ട്. ഇന്ദിരാ ഭവനിൽ നടന്ന സുദീർഘമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ ലീഗ് ക്യാമ്പുകളിൽ ആവേശം ഇരട്ടിച്ചു. നാളെ രാവിലെ നടക്കുന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷം യുഡിഎഫ് മുന്നണി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Story Summary: The final list of ministers for the new UDF cabinet under VD Satheesan will be submitted to the Governor on Sunday, with the swearing-in ceremony scheduled for Monday. Congress has finalized 8 ministers including Sunny Joseph and K Muraleedharan, while Muslim League successfully secured its demand for 5 ministerial berths.

