മലപ്പുറം: വേനലവധി ആഘോഷിക്കാൻ ചിരിച്ചും പാടിയും വാൽപ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം ഇത്ര വലിയൊരു സങ്കടം ബാക്കിയാക്കി മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. അപകടത്തിന് മുമ്പ് ആശ ടീച്ചർ പാടിയ ഗാനം ഇപ്പോൾ ഒരു വിങ്ങലായി ഗ്രാമത്തിൽ അലയടിക്കുകയാണ്.(Valparai Disaster, Asha Teacher’s Last Song becomes a tearful memory )
പാങ്ങ് സ്കൂളിലെ ഒന്നാം ക്ലാസ്സുകാരൻ അജുവിന്റെ അമ്മയാണ് ആശ ടീച്ചർ. മിക്കവാറും എല്ലാ യാത്രകളിലും മകനെ കൂടെക്കൂട്ടാറുള്ള ടീച്ചർ, ഈ യാത്രയിൽ മാത്രം അവനെ വീട്ടിലാക്കിയിരുന്നു. ചുരം വളവുകളിലെ കാഴ്ചകൾ കാണാൻ അമ്മയുടെ കൈപിടിച്ച് അവൻ പോകാതിരുന്നത് ഒരു നിമിത്തമായിരിക്കാം. എന്നാൽ, ഇനി അക്ഷരം പറഞ്ഞുതരാൻ തന്റെ അമ്മയില്ലെന്ന തിരിച്ചറിവ് ആ കുഞ്ഞിനെ അനാഥനാക്കുന്നു. ടീച്ചറുടെ ആ മനോഹരമായ ചിരിയും സ്നേഹവും ഇനി ആ സ്കൂൾ വരാന്തകളിൽ ഓർമ്മ മാത്രം.
ദുരന്തം കവർന്നെടുക്കുന്നതിന് തൊട്ടുമുമ്പ് വാഹനത്തിലിരുന്ന് ആശ ടീച്ചർ പാടിയ വരികൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. “പൂക്കൾ പനീനീർ പൂക്കൾ… നീയും കാണുന്നുണ്ടോ… നമ്മൾ നെയ്യും വസന്തം മായരുതെങ്ങും…” ആ വാനിലെ ആഹ്ലാദാരവങ്ങൾ നിമിഷനേരം കൊണ്ട് നിലവിളികൾക്ക് വഴിമാറി. വാൽപ്പാറയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം നഷ്ടമായ ട്രാവലർ വാൻ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 9-ാം വളവിലേക്കാണ് പതിച്ചത്. വാഹനം പൂർണ്ണമായും തകർന്നു.

