വീടിന്റെ മേൽക്കൂര തകർന്നുവീണു : വീട്ടമ്മയ്ക്കു പരിക്ക്
Fri, 17 Mar 2023

നെടുംകുന്നം: വീടിന്റെ മേൽക്കൂര തകർന്നുവീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. നെടുംകുന്നം കറ്റുവെട്ടി കാലായിപ്പടിക്കൽ സുമ ഗോപിക്കാ(56)ണ് തലയ്ക്കും കാലിനും പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം സംഭവിച്ചത്. വീടിന്റെ മുൻവശത്തെ വാതിലിനു സമീപം നിൽക്കുമ്പോൾ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ഓട് വീണു തലയ്ക്കും കഴുക്കോൽ വീണ് കാലിനും ആണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ സുമയെ അയൽവാസികൾ ചേർന്നാണ് പാമ്പാടി താലൂക്കാശുപത്രിയിലും തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. കഴിഞ്ഞ മഴക്കാലത്ത് സുമയുടെ വീടിന്റെ ഒരുഭാഗം തകർന്നു വീണിരുന്നു. അറ്റകുറ്റപ്പണി നടത്താതിരുന്നതിനാൽ അവശേഷിച്ച ഭാഗം കൂടി നിലംപതിക്കുകയായിരുന്നു.