കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ജനങ്ങളെ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണി മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണ്.
സര്‍ക്കാരില്‍ നിന്നും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന എം.എം.മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.