ഉച്ചഭക്ഷണ പദ്ധതി; കേന്ദ്രം തുക നല്‍കാതെ ശ്വാസം മുട്ടിക്കുകയാണെന്ന് കെ എന്‍ ബാലഗോപാല്‍
Sep 9, 2023, 21:48 IST

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലെ സംസ്ഥാനവിഹിതം നോഡല്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും അതിനാല്‍ ഈ വര്‍ഷം കേരളത്തിന് പണം അനുവദിക്കാനാകില്ലെന്നുമുള്ള കേന്ദ്ര വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായുള്ള നടത്തിപ്പിനായി കേന്ദ്രം അര്‍ഹമായ തുക നല്‍കുന്നില്ല. പല മേഖലകളിലും കേന്ദ്രം പണം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും എന്നാല്‍ സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നല്‍കിയതായും സാങ്കേതികത്വം പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പണം മുടക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ തുക ഉച്ചഭക്ഷ പദ്ധതിയില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചു.
യു ഡി എഫ്. എംപിമാര്‍ക്കെതിരെയും ധനമന്ത്രി രൂക്ഷവിമര്‍ശമുന്നയിച്ചു. യു ഡി എഫ്. എം പിമാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം. കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തനാമെന്നും ഉച്ചഭക്ഷണ പദ്ധതി വിഷയം എം പിമാര്‍ പാര്‍ലിമെന്റില്‍ ഉന്നയിക്കനാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹായം ആവശ്യമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
