

കൊച്ചി: ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് സമഗ്ര വിദേശ നാണ്യ സേവനങ്ങള്‍ക്കും എക്സ്ചേഞ്ച് ഏണേഴ്സ് ഫോറിന്‍ കറന്‍സി അക്കൗണ്ടുകള്‍ക്കും തുടക്കം കുറിച്ചു. വിദേശ കറന്‍സികളില്‍ വരുമാനം നേടുന്ന പ്രൊഫഷണലുകള്‍ക്കും കയറ്റുമതിക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ വിദേശ നാണ്യ വരുമാനം കൈകാര്യം ചെയ്യാനും ഉടനടി ഇന്ത്യന്‍ കറന്‍സിയിലേക്കു വിനിമയം ചെയ്യുന്നത് ഒഴിവാക്കാനും സഹായിക്കുന്നതാണ് എക്സ്ചേഞ്ച് ഏണേഴ്സ് ഫോറിന്‍ കറന്‍സി അക്കൗണ്ടുകള്‍.
വിദേശത്തു നിന്നു പണം സ്വീകരിക്കല്‍, വിദേശത്തേക്ക് പണം അയക്കല്‍, വിദേശ കറന്‍സി നിക്ഷേപങ്ങള്‍, വിവിധ കറന്‍സികളിലെ അക്കൗണ്ട് നിലനിര്‍ത്തല്‍ തുടങ്ങി വിപുലമായ സേവനങ്ങളാണ് അന്താരാഷ്ട്ര ബാങ്കിംഗ് രംഗത്ത് പുതുതായി അവതരിപ്പിച്ച സേവനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.
മല്‍സരാധിഷ്ഠിത വിനിമയ നിരക്കുകള്‍, അതിവേഗ പ്രോസസിങ്, പ്രത്യേക പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ സേവനം, സുതാര്യത തുടങ്ങിയവയെല്ലാം ഇതിലൂടെ ഉറപ്പാക്കും.
ഈ സേവനങ്ങള്‍ അവതരിപ്പിച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര ബാങ്കിങിനായി സമ്പൂര്‍ണ സേവനങ്ങള്‍ നല്‍കുകയും ശാക്തീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ്, ടിഎഎസ്സി ആന്‍റ് ടിപിപി വിഭാഗം മേധാവി ഹിതേന്ദ്ര ഝാ പറഞ്ഞു. വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കുമായുള്ള വിദേശ നാണ്യ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണിത്. വിദേശ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കയറ്റുമതിക്കാര്‍, സ്ഥാപനങ്ങള്‍, വിദേശ നാണയത്തില്‍ വരുമാനം നേടുന്ന ഫ്രീലാന്‍സര്‍മാര്‍, പ്രൊഫഷണലുകള്‍, പ്രവാസി ഇന്ത്യക്കാര്‍, ആഗോള പ്രവര്‍ത്തനങ്ങളുള്ള ചെറുകിട-ഇടത്തരം സംരംഭകര്‍, വിദേശ നാണയം ആവശ്യമായ യാത്രക്കാര്‍ എന്നിവര്‍ക്കായി ഈ സേവനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറം വ്യാപാരവും പണമയക്കലും ഉള്‍പ്പെടുന്ന പരിസ്ഥിതിക്ക് സംഭാവന നല്‍കാനും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പുതിയ സേവനങ്ങള്‍ മത്സരപരമായ വിനിമയ നിരക്കുകളോടൊപ്പം ഡിജിറ്റല്‍ സംവിധാനങ്ങളുടെ പിന്തുണയോടെ ബുദ്ധിമുട്ടില്ലാത്ത ഇന്‍വേര്‍ഡ്- ഔട്ട് വേര്‍ഡ് സേവനങ്ങള്‍ നല്‍കുന്നു. ഇഇഎഫ്സി അക്കൗണ്ട് സൗകര്യം ഉപഭോക്താക്കള്‍ക്ക് വിദേശ നാണയ വരുമാനം നിലനിര്‍ത്താനും അനായാസം ഉപയോഗിക്കാനും സാധിക്കും. എഫ്ഇഎംഎ പ്രകാരമാണ് ക്രെഡിറ്റ്- ഡെബിറ്റുകള്‍ നടത്തുന്നത്. വ്യക്തിഗത പിന്തുണയ്ക്കായി ഉപഭോക്താക്കള്‍ക്ക് ഫോറക്സ് റിലേഷന്‍ഷിപ്പ് മാനേജര്‍മാരുടെ സേവനം ലഭ്യമാകും. കൂടാതെ നിക്ഷേപത്തിനും അക്കൗണ്ട് പരിപാലനത്തിനുമായി സൗകര്യപ്രദമായ കാലാവധി ഓപ്ഷനുകളും ലഭ്യമാണ്. ബാങ്കിന്‍റെ ഡിജിറ്റല്‍ ചാനലുകളുമായും ശാഖാ ബാങ്കിംഗുമായും ബന്ധപ്പെട്ട് സുതാര്യമായ ഇന്‍റഗ്രേഷന്‍ വഴി മെച്ചപ്പെട്ട ഉപഭോക്തൃ സൗകര്യവും ലഭ്യമാണ്.