വീട്ടിൽ കയറി മാലയും പണവും മോഷ്ടിച്ച പ്രതി പിടിയിൽ
Fri, 17 Mar 2023

ചാരുംമൂട്: വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. താമരക്കുളം കീരി വിളയിൽ വീട്ടിൽ അൽത്താഫ് എന്ന 19-കാരനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. താമരക്കുളം മർഹബ വീട്ടിൽ ഉസ്മാൻ റാവുത്തറുടെ പണവും മാലയുമാണ് പ്രതി കവർന്നത്. റാവുത്തറുടെ വീടിനോട് ചേർന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേന എത്തിയശേഷമാണ് ബെഡ്റൂമിൽ കടന്ന് പണവും മാലയും അഞ്ച് പാസ്പോർട്ടുകളും അടങ്ങുന്ന പെട്ടിയുമായി ഇയാൾ കടന്നത്. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി ടി.വിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അൽത്താഫാണ് പ്രതിയെന്ന് മനസ്സിലായത്. മുംബൈയിലേക്ക് കടന്ന പ്രതി തിരികെ വരുമ്പോൾ ചെങ്ങന്നൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ ഒളിപ്പിച്ച പെട്ടി താമരക്കുളത്തെ ഒഴിഞ്ഞ വീട്ടിൽനിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.