തെരുവുനായ് കുത്തിവെപ്പ്: രണ്ടാംഘട്ടവും മെല്ലെപ്പോക്കിൽ
Sep 10, 2023, 07:22 IST

തിരുവനന്തപുരം: രണ്ടാംഘട്ട തെരുവുനായ വാക്സിനേഷൻ യജ്ഞവും മെല്ലെപ്പോക്കിൽ. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച രണ്ടാംഘട്ട കാമ്പയിൻ 10 ദിവസം പിന്നിടുമ്പോൾ ആകെ 79 തെരുവുനായ്ക്കൾക്കു മാത്രമാണ് കുത്തിവെപ്പ് നൽകാനായത്. 67 വളർത്തുനായ്ക്കൾക്കും വാക്സിൻ നൽകി. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നീക്കിവെക്കാത്തതാണ് പ്രധാന പ്രതിസന്ധി. തെരുവുനായ് ശല്യം അതിരൂക്ഷമായ കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഒരു തദ്ദേശസ്ഥാപനം പോലും തുക നീക്കി വെച്ചിട്ടില്ല. ജില്ല പഞ്ചായത്തിൽ കൊല്ലം ഒഴികെ മറ്റൊരിടത്തും തെരുവുനായ് വാക്സിനേഷന് ഫണ്ടില്ല. പത്തനംതിട്ട 27, ആലപ്പുഴ 16, കോട്ടയം 27, ഇടുക്കി മൂന്ന്, എറണാകുളം 10, തൃശൂർ 31, മലപ്പുറം 22, കോഴിക്കോട് രണ്ട് അങ്ങനെ 194 ഗ്രാമപഞ്ചായത്തുകൾ തുക നീക്കിവെച്ചു. എങ്കിലും ഇവിടങ്ങളിൽ വാക്സിനേഷൻ ആരംഭിച്ചിട്ടില്ല.
കഴിഞ്ഞവർഷവും സെപ്റ്റംബറിൽ ആരംഭിച്ച ഒരുമാസ കാമ്പയിനും ഫണ്ടിന്റെ അഭാവത്തിൽ മുന്നോട്ടുപോയില്ല. അന്ന് വെറും 32,000 തെരുവുനായ്ക്കൾക്ക് മാത്രമാണ് കുത്തിവെപ്പ് നൽകാനായത്.
ഇപ്പോൾ പദ്ധതി മുന്നോട്ട് പോകുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ തുക വിനിയോഗിച്ചാണ്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വാക്സിനേഷൻ യജ്ഞം ആലപ്പുഴ ജില്ലയിൽ മാത്രമാണ് കുറച്ചെ ങ്കിലും മുന്നോട്ട് പോകുന്നത്.
