Times Kerala

 കവചം മുന്നറിയിപ്പ്; സൈറണുകളുടെ പ്രവർത്തന പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി

 
കവചം മുന്നറിയിപ്പ്

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. 86 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ഇന്ന്  വിവിധ സമയങ്ങളിലായി പൂർത്തീകരിച്ചത്. 

14 ജില്ലകളിലുമായി സ്കൂളുകൾ, മറ്റ് പൊതുകെട്ടിടങ്ങൾ എന്നിവയിൽ സ്ഥാപിച്ച സൈറണുകളാണ് വിജയകരമായി പരീക്ഷിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ വെച്ച് നിയന്ത്രിച്ച സൈറണുകൾ വഴി ശബ്ദമുന്നറിയിപ്പ്, വിവിധ അലേർട്ടുകൾക്ക് അനുസൃതമായി നൽകാൻ ഉദ്ദേശിക്കുന്ന 3 തരം alarms എന്നിവയാണ് പരീക്ഷിച്ചത്. സൈറണുകളോടൊപ്പം ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ വഴി SEOC യിൽ വെച്ച് തന്നെ പരിശോധനകൾ നടത്താൻ സാധിച്ചു. 

ഇതുകൂടാതെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വഴി വീഡിയോകൾ ശേഖരിക്കുകയും ചെയ്തു കൊണ്ടാണ് പരീക്ഷണം പൂർത്തിയാക്കിയത്. 83 സൈറണുകൾ പൂർണ്ണമായി പ്രവർത്തിച്ചപ്പോൾ നെറ്റ്വർക്ക് തകരാറുകൾ കാരണം 3 സൈറണുകൾ പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. 

ഇവയുടെ തകരാറുകൾ പരിഹരിച്ചു അടുത്ത ദിവസങ്ങളിൽ വീണ്ടും പരീക്ഷണം നടത്തും. അതോടൊപ്പം ശബ്ദം കുറവ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട 3 സൈറണുകൾ കൂടി വീണ്ടും പരീക്ഷിക്കുന്നതാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മികച്ച സഹകരണമാണ് ഉണ്ടായത്. എല്ലാവരോടും നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു. 
 

Related Topics

Share this story