പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ തൽക്കാലം അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എന്നാൽ, കുറ്റപത്രം സമർപ്പിക്കുന്നത് വരെ അദ്ദേഹത്തെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും മാറ്റിനിർത്തും.(Sabarimala gold theft case, No immediate action against A Padmakumar
കേസുമായി ബന്ധപ്പെട്ട് പാർട്ടി നൽകിയ നോട്ടീസിന് പത്മകുമാർ നൽകിയ മറുപടി സമഗ്രമായി പരിശോധിക്കാനും യോഗത്തിൽ ധാരണയായി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പത്മകുമാർ നൽകിയിട്ടുള്ള വിശദീകരണം.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രം വന്നതിന് ശേഷം മാത്രമേ പത്മകുമാറിനെതിരായ അന്തിമ നടപടിയിൽ തീരുമാനമെടുക്കൂ എന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് തന്നെയാണ് ജില്ലാ നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. പാർട്ടി ഔദ്യോഗികമായി നടപടി പ്രഖ്യാപിക്കുന്നതിന് മുൻപേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തത് പാർട്ടിനുള്ളിൽ വലിയ ചർച്ചയായിരുന്നു.

