തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി (Milma Sabarimala ghee controversy). മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരുവിധ കൃത്രിമത്വവും നടന്നിട്ടില്ലെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മിൽമയുടെ നെയ്യ് വേണ്ടാ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, പുറത്തുനിന്ന് ഏജൻസികൾ വഴി നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് അവർ അറിയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റേറ്റ് ലാബിൽ വിശദമായ പരിശോധന നടത്തി ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ശബരിമലയിലേക്ക് നെയ്യ് അയച്ചത്. ഗുണനിലവാരത്തിൽ വീഴ്ച വന്നതായി ദേവസ്വം ബോർഡ് മിൽമയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിൽമയുടെ പേരിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ സ്ഥാപനത്തിന് യാതൊരു പങ്കുമില്ല. അമിതലാഭത്തിനായി മിൽമ ഒരിക്കലും കൃത്രിമം കാണിക്കാറില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളോ ഇടനിലക്കാരോ ആണോ ഇതിന് പിന്നിലെന്ന് സംശയമുണ്ട്. മിൽമയുടെ ലോഗോയോ എംബ്ലമോ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നിയമനടപടി സ്വീകരിക്കും.
നിലവിലെ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. ഉദ്യോഗസ്ഥർക്ക് ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും. പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്കുള്ള വഴിമധ്യേ നെയ്യിൽ കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അത് പമ്പയിലെ പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നു. ക്രമക്കേട് നടന്നുവെങ്കിൽ എന്തുകൊണ്ട് അധികൃതർ മിൽമയെ സമയബന്ധിതമായി അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം യൂണിയൻ എം.ഡി.യുടെ വിശദീകരണം ലഭിച്ച ശേഷം സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുമെന്നും ചെയർമാൻ അറിയിച്ചു.
Story Summary: Milma Chairman K.S. Mani refuted allegations regarding ghee supply to Sabarimala, stating that Milma products undergo strict quality checks and no adulteration has occurred. He clarified that the Devakswom Board has not officially communicated any quality failure and promised strict legal action if Milma’s logo was misused.


