മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിക്കുകയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന വ്ലോഗർ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പോലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളത്ത് നിന്നാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.(Masked Challenge Videos, Vlogger Niyas Arrested in Malappuram )
പകൽ സമയങ്ങളിൽ സ്ഥാപനങ്ങളുടെ പ്രൊമോഷനായി എത്തുന്ന ഇയാൾ, രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും കക്കൂസ് മാലിന്യം തള്ളുന്നതായി വ്യാപകമായ പരാതിയുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാം വഴി യുവാക്കളെ ലഹരി ഉപയോഗത്തിലേക്കും അക്രമങ്ങളിലേക്കും പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ നിരന്തരം പ്രചരിപ്പിച്ചിരുന്നു.
വളാഞ്ചേരി സ്റ്റേഷനിലും ജില്ലയിലെ മറ്റ് വിവിധ സ്റ്റേഷനുകളിലുമായി നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. തുടർച്ചയായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിൽ പ്രതിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.

