HomeCrimeകേതൻ അഗർവാൾ വധക്കേസ്: പ്രതിയായ സിയ ഗോയലിൻ്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ...

കേതൻ അഗർവാൾ വധക്കേസ്: പ്രതിയായ സിയ ഗോയലിൻ്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് | Lohagad Fort Murder

പൂനെ: തന്റെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ (25) ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സിയ ഗോയലിന്റെ (20) കുടുംബത്തിന് കൂടുതൽ തിരിച്ചടി. സിയയുടെ കുടുംബം പൂനെയിൽ നടത്തുന്ന സുഗന്ധവ്യഞ്ജന-ഉണക്കമുന്തിരി വ്യാപാര സ്ഥാപനം അടച്ചുപൂട്ടാൻ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.(Lohagad Fort Murder Accused Siya Goyal Family Business Shut Down By FDA)

പൂനെ ഗുൽതെക്ടിയിലെ മാർക്കറ്റ് യാർഡിൽ പ്രവർത്തിക്കുന്ന ‘എം/എസ് ബി.ജി ഗോയൽ ആൻഡ് കമ്പനി’ എന്ന സ്ഥാപനത്തിലാണ് എഫ്.ഡി.എ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ലൈസൻസില്ലാതെ വെയർഹൗസ് പ്രവർത്തിപ്പിച്ചു, ലേബലിങ് ക്രമക്കേടുകൾ വരുത്തി, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. പരിശോധനയിൽ മഞ്ഞൾപ്പൊടി, എള്ള്, സോയാബീൻ തുടങ്ങിയ 8.14 ലക്ഷം രൂപ വിലമതിക്കുന്ന 4,172 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു.

സുരക്ഷാ മാനദണ്ഡങ്ങളിൽ മുൻപ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ബിസിനസ്സ് അടിയന്തിരമായി നിർത്തിവെക്കാൻ ജോയിന്റ് കമ്മീഷണർ ഡി.വി. ഭോഗവാഡെ ഉത്തരവിടുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞ സിയ ഗോയലും റിയൽറ്റർ കേതൻ അഗർവാളും തമ്മിലുള്ള വിവാഹം ഈ വർഷം അവസാനം നടക്കേണ്ടതായിരുന്നു. എന്നാൽ സിയയ്ക്ക് ചേതൻ ചൗധരി (22) എന്ന മറ്റൊരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. കേതനെ വിവാഹം കഴിക്കാൻ താല്പര്യമില്ലാതിരുന്ന സിയ, കാമുകനൊപ്പം ചേർന്ന് കേതനെ ജൂൺ 18-ന് ലോഹഗഡ് കോട്ടയിലെ വലിയ കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. നിലവിൽ സിയയും കാമുകനും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Story Summary

The Maharashtra FDA has ordered the closure of the spice and dry fruits business owned by the family of murder accused Siya Goyal in Pune over food safety violations and seized stock worth ₹8.14 lakh. Siya and her boyfriend Chetan Chaudhary are currently in jail for allegedly pushing her fiancé, Ketan Agarwal, off a cliff at Lohagad Fort.

Clickable Info Box