കൊല്ലം: കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസിന്റെ പിടിയിലായി (Kollam Kulathupuzha crime news). കുളത്തൂപ്പുഴ 16 ഏക്കർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചത്. കുത്തേറ്റ അശ്വതി നിലവിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്രചികിത്സയിലാണ്.
പോലീസ് നൽകുന്ന വിവരമനുസരിച്ച് അജീഷും അശ്വതിയും തമ്മിൽ ദീർഘനാളായി കടുത്ത കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നാല് വർഷമായി ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, ആക്രോശത്തോടെയെത്തിയ അജീഷ് കയ്യിലുണ്ടായിരുന്ന ആയുധമെടുത്ത് അശ്വതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
അശ്വതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ തടഞ്ഞുനിർത്തി തന്ത്രപരമായി പിടികൂടുകയായിരുന്നു. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Story Summary: A man named Ajeesh was arrested in Kulathupuzha, Kollam, for attempting to murder his wife, Aswathi, following a domestic dispute. The couple had been living separately for the past four years; when Ajeesh tried to flee after stabbing her, alert locals caught him and handed him over to the Kulathupuzha police.

