Times Kerala

പാലിയേറ്റീവ് കെയർ രംഗത്ത് കേരളം വിജയകരമായ മാതൃക; ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ട് 

 
 സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൂടെ‘; ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം

പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോർട്ട്. സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ രംഗത്തെ അഭിനന്ദിച്ചത്.

സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു വിജയകരമായ മാതൃകയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പെയിൻ ആന്റ് പാലിയേറ്റീവ് കെയറിൽ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയർ സംവിധാനം വീടുകളിൽ സാന്ത്വന പരിചരണം നൽകുന്നതുൾപ്പെടെ വിവിധ ശൃംഖലകളിലൂടെ അതിവേഗം വളർന്നു.

പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്സുമാർ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവർത്തനത്തിനും ശക്തമായ ഊന്നൽ നൽകുന്നതാണ് കേരള മോഡൽ. ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് സാന്ത്വന പരിചരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വലിയ പ്രവർത്തനങ്ങളാണ് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്. ആർദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയർ. 

Related Topics

Share this story