കൊച്ചി: ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക അനുമതികളുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ (Kerala High Court vacuum lift verdict) പ്രവർത്തനം തടയാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (KEMA) സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർണ്ണായക വിധി പ്രസ്താവിച്ചത്.
വിധിയുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഈ അനധികൃത ലിഫ്റ്റുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കീമ (KEMA) ഭാരവാഹികൾ എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തി. രാജ്യത്ത് നിലവിലുള്ള സുരക്ഷാ നിയമങ്ങളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ (BIS) മാനദണ്ഡങ്ങളും പാലിക്കാതെയാണ് വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രധാന സുരക്ഷാ വീഴ്ചകൾ:
അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ബാക്കപ്പ് അല്ലെങ്കിൽ റസ്ക്യൂ സംവിധാനങ്ങളുടെ അഭാവം.
പിറ്റിന്റെ ആഴം (Pit depth), ഓവർഹെഡ് ഉയരം, ലാൻഡിംഗ് എന്നിവയിൽ ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയോ BIS-ന്റെയോ ഔദ്യോഗിക പ്രവർത്തനാനുമതിയോ ലൈസൻസോ ഇല്ലാത്ത അവസ്ഥ.
യാത്രികർക്ക് നിയമപരമായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത സാഹചര്യം
സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാണ് ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഇത്തരം ലിഫ്റ്റുകൾ വിറ്റഴിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. മാളുകളിൽ സ്ഥാപിച്ച ഡെമോ മോഡലുകൾ നേരത്തെ നിയമനടപടിയിലൂടെ തടഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയ വഴിയുള്ള വിൽപന തുടർന്നുപോരുകയാണ്. കോടതി ഉത്തരവുണ്ടായിട്ടും കൊച്ചി ആസ്ഥാനമായി ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും, അടിയന്തരമായി പരിശോധന നടത്തി ഇവരുടെ പ്രവർത്തനം തടയാൻ അധികൃതർ തയ്യാറാകണമെന്നും കീമ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ കീമ പ്രസിഡന്റ് നാരായണ മേനോൻ (സ്മാർടെക് എലിവേറ്റേഴ്‌സ്), സെക്രട്ടറി ശ്രീകുമാർ സി.ബി (കാഡിലാക് ലിഫ്റ്റ്‌സ്), ട്രെഷറർ ഷംസുദ്ദീൻ എൻ.എം (മെട്രോ ലിഫ്റ്റ്‌സ്), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രജീഷ് രാജ് ആർ (ഇൻഫ്രാ എലിവേറ്റേഴ്‌സ്) എന്നിവർ പങ്കെടുത്തു.
Story Summary:
The Kerala High Court has directed the Electrical Inspectorate to curb the operation of unauthorized vacuum lifts operating without necessary safety permits and BIS standards. Following the verdict, the Kerala Elevator Manufacturers Association (KEMA) held a press meet in Kochi, raising concerns over public safety and lack of insurance coverage for users of such lifts.


