സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും കേരളം മുന്നിൽ: രാഷ്ട്രപതി

സ്ത്രീ സാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണെന്നും അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കേരളം കാഴ്ചവയ്ക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തിൽ, സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇത് നിരവധി മാനവ വികസന സൂചികകളിലെ മികച്ച പ്രകടനത്തിൽ പ്രതിഫലിക്കുന്നു.
കേരളത്തിലെ ജനങ്ങളുടെ കോസ്മോപൊളിറ്റൻ കാഴ്ചപ്പാട് അനുകരണീയമാണ്. മനോഹരമായ ഭാഷയാലും സംസ്കാരത്താലും കോർത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും സൗഹാർദത്തോടെ ഒന്നിച്ചു കഴിയുന്ന നാടാണു കേരളമെന്നും രാഷ്ട്രപതി പറഞ്ഞു. ഹരിതാഭമായ വനങ്ങൾ, മനോഹര കടലോരങ്ങൾ, കായലുകൾ, ആകർഷകമായ കുന്നുകൾ, ചന്തമുള്ള തടാകങ്ങൾ, ഒഴുകുന്ന നദികൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നു. കേരളം ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയതിനു കാരണവും ഇതാണ്. പ്രകൃതി ചികിത്സയുടേയും ആയുർവേദത്തിന്റെയും കേന്ദ്രമാണിവിടം. പ്രതിഭാശാലികളും കഠിനാധ്വാനികളുമായ കേരളിയരുടെ ആത്മാർഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവ ആഗോളതലത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്നവരാണു കേരളത്തിലെ ജനങ്ങളെന്നും രാഷ്ട്രപതി പറഞ്ഞു.