സെന്റ് നിക്കോളാസിൽ നിന്ന് സാന്താക്ലോസിലേക്ക്; സ്നേഹം പൊതിഞ്ഞ ആ ചുവന്ന സഞ്ചിയുടെ ചരിത്രം | Santa Claus

സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന സാന്റാക്ലോസ്‌
Santa Claus
Updated on

കുടവയറും നരച്ചു നീണ്ട താടിയും ചുമന്ന കുപ്പായവും കോണിൻ്റെ ആകൃതിയിലുള്ള നീണ്ടു ചുമന്ന തൊപ്പിയും തോളത്ത് സഞ്ചിയും കയ്യിൽ നീണ്ട വടിയുമായി പ്രത്യക്ഷപ്പെടുന്ന സാന്റാക്ലോസ്‌ (Santa Claus). ഒരുപക്ഷെ ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നതും സാന്റയെ തന്നെയാകും.

ക്രിസ്തുമസ്‌ നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. യേശുവിൻ്റെ ജനനമായോ ബൈബിളുമായോ യാതൊരു ബന്ധവുമില്ല എങ്കിൽ പോലും ക്രിസ്തുമസ് കാലത്ത് സാന്റയുടെ സമ്മാനങ്ങൾക്കായി കാത്തിരിക്കുന്നത് പതിവാണ്. ''ക്രിസ്മസ് ഫാദർ'' എന്ന പേരും കൂടിയുണ്ട് സാന്റായ്ക്ക്. സാന്റ ഒരു കെട്ടുകഥ മാത്രമാണ് എന്ന് പലരും വിശ്വസിക്കുന്നുണ്ട്. സാന്റാക്ലോസ്‌ എന്ന ഇതിഹാസത്തിനു പിന്നിലെ കഥയെക്കുറിച്ചറിയാമോ?

നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളാസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ്‌ വിശുദ്ധ നിക്കോളാസിൻ്റെ അനുസ്മരണദിനം. നിക്കോളാസ് എന്ന ചരിത്ര പുരുഷൻ എ.ഡി. 270–ൽ ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. സമ്പന്ന കുടുംബത്തിലായിരുന്നു നിക്കോളാസിൻ്റെ ജനനം. വളരെ ചെറുപ്പം മുതലെ നിക്കോളാസ് ഔദാര്യനിധിയായിരുന്നു. സാധുക്കളെ സഹായിക്കുന്നതിൽ നിക്കോളാസ് മനസംത്രിപ്തി കണ്ടെത്തിയിരുന്നു. എന്നാൽ ആരെയും അറിയിക്കാതെ ആയിരുന്നു നിക്കോളാസ് ഓരോ മനുഷ്യരെയും സഹായിച്ചിരുന്നത്. നിക്കോളാസിൽ നിന്നും സഹായം ലഭിച്ചവർക്ക് ആർക്കും തന്നെ അറിയില്ലായിരുന്നു തങ്ങളെ ആരാണ് സഹായിച്ചതെന്ന്.

ധാരാളം സമ്പത്തുണ്ടായിട്ടും നിക്കോളാസ് അവയെല്ലാം വിട്ട് സഭയിലെ വൈദിക സേവനം ജീവിതമായി തിരഞ്ഞെടുത്തു,ഒടുവിൽ ബിഷപ്പായി. ദയോക്ലീഷ്യൻ റോമൻ ചക്രവർത്തിയായി അധികാരമേറ്റതോടെ ക്രിസ്തീയ സഭയ്ക്ക് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നു. ഈ കാലയളവിൽ നിക്കോളാസ് തടവിൽ അടയ്ക്കപ്പെടുന്നു. കോൺസ്റ്റൻ്റൈൻ റോമിൻ്റെ അധികാരിയായതോടെ ക്രിസ്തീയ സഭയ്ക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അവസാനം ഉണ്ടായി. എ.ഡി. 345–ൽ നിക്കോളാസ് നിര്യാതനായി.

നിക്കോളാസിൻ്റെ മരണത്തിനു ശേഷവും അദ്ദേഹത്തെ ഒരു പുരോഹിതൻ എന്നതിലും ഉപരി ദൈവത്തിൻ്റെ ദൂതൻ എന്ന നിലയിൽ ആദരിക്കുവാൻ തുടങ്ങി. റഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ക്രിസ്തീയ സഭയുടെ Patron Saint എന്ന സ്ഥാനത്ത് അവരോധിക്കപ്പെട്ടു. കുട്ടികൾക്കും നാവികർക്കും വ്യാപാരികൾക്കുമെല്ലാം അദ്ദേഹം മധ്യസ്ഥ പിതാവായി. എന്നാൽ പതിയെ നിക്കോളാസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. നവീകരണ കാലത്ത് നിക്കോളാസിനോടുള്ള വിശ്വാസം ഉപേക്ഷിക്കപ്പെട്ടിരുന്നു എങ്കിലും ഹോളണ്ടിൽ അത് തുടർന്നിരുന്നു. ഹോളണ്ടുകാർ ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്ക് കുടിയേറി പറക്കുവാൻ തുടങ്ങിയതോടെ നിക്കോളാസിൻ്റെ വിശ്വാസം അവിടെയും പടരുവാൻ ആരംഭിച്ചു.

ഡച്ചുകാർ സെന്റ്‌ നിക്കോളാസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവ്വദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളാസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. തുടർന്ന് ക്രിസ്മസ് കാലത്ത് അദ്ദേഹം സമ്മാനങ്ങളുമായി സന്ദർശനം നടത്തുന്നു എന്നുള്ള ഐതിഹ്യവും പ്രചാരത്തിലായി.

ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പൻ, ക്രിസ്തുമസ്‌ പപ്പാ, അങ്കിൾ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു.ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിൻ്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഓരോ വീടുകളുടെയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌.


ഇന്നിപ്പോൾ സാന്റാക്ലോസ്‌ ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്നായി. സമാധാനത്തിൻ്റെയും പ്രത്യാശയുടെയും പ്രതീകമായി ക്രിസ്തുമസ് നിലകൊള്ളുമ്പോൾ സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും നിർവചനമായി സാന്റായും.

Related Stories

No stories found.
Times Kerala
timeskerala.com