

ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ ആദ്യം തെളിയുന്ന രൂപം ചുവന്ന കുപ്പായവും വെള്ളത്താടിയുമുള്ള ചിരിച്ച മുഖമുള്ള ഒരു അപ്പൂപ്പന്റേതാണ്. സാന്താക്ലോസിന്റെ ഈ 'ചുവപ്പൻ ലുക്ക്' ഒരു ശീതളപാനീയ കമ്പനിയുടെ പരസ്യത്തിൽ നിന്ന് ഉണ്ടായതാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. എന്നാൽ സംഗതി അതല്ല! ബിഷപ്പ് നിക്കോളാസിൽ തുടങ്ങി ലോകപ്രശസ്ത ചിത്രകാരന്മാരിലൂടെ വളർന്നുവന്നതാണ് സാന്തായുടെ ഈ ചുവന്ന വസ്ത്രം. ഒരു നിറം എങ്ങനെ ഒരു ആഘോഷത്തിന്റെ പ്രതീകമായി മാറിയെന്ന സാന്തായുടെ 'കളർഫുൾ' ചരിത്രം അറിയാം. (Santa Claus's Iconic Red Suit)
നാലാം നൂറ്റാണ്ടിൽ ഇന്നത്തെ തുർക്കിയിൽ ജീവിച്ചിരുന്ന വിശുദ്ധ നിക്കോളാസ് എന്ന ബിഷപ്പിന്റെ ജീവിതത്തിൽ നിന്നാണ് സാന്താക്ലോസ് എന്ന സങ്കല്പം ഉടലെടുക്കുന്നത്. അക്കാലത്തെ മതമേലധ്യക്ഷന്മാർ പ്രധാനമായും ചുവന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഈ ചരിത്രപരമായ വസ്തുതയാണ് സാന്തായുടെ വസ്ത്രത്തിന്റെ നിറം നിശ്ചയിക്കുന്നതിൽ ആദ്യ പങ്ക് വഹിച്ചത്.
1823-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ക്രിസ്മസ് കവിതകളിലും പിന്നീട് 1880-കളിൽ തോമസ് നാസ്റ്റ് എന്ന ചിത്രകാരൻ വരച്ച കാർട്ടൂണുകളിലും സാന്തായെ ചുവന്ന വസ്ത്രത്തിൽ അവതരിപ്പിച്ചിരുന്നു. 1930-കളിൽ കൊക്കക്കോള തങ്ങളുടെ ശീതകാല പരസ്യങ്ങൾക്കായി ഈ രൂപം ഏറ്റെടുക്കുക മാത്രമാണ് ചെയ്തത്. അതായത്, കൊക്കക്കോള ഈ നിറം കണ്ടുപിടിച്ചതല്ല, മറിച്ച് അതിനെ ആഗോളതലത്തിൽ കൂടുതൽ ജനപ്രിയമാക്കുകയാണ് ചെയ്തത്.
ഇന്ന്, ചുവപ്പ് നിറം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദാനത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും ആ ചുവന്ന തൊപ്പിയും വസ്ത്രവും കാണുമ്പോൾ തന്നെ മനുഷ്യർക്കിടയിൽ ഒരു ഉത്സവപ്രതീതി ഉണരുന്നു. ചരിത്രവും കലയും വിപണിയും ഒത്തുചേർന്നാണ് നമുക്ക് ഇന്നത്തെ ഈ പ്രിയപ്പെട്ട സാന്തായെ സമ്മാനിച്ചത്.