

ലോകത്തിലെ ഏറ്റവും വിചിത്രമായ ക്രിസ്മസ് ആചാരം ഏതാണ് എന്ന് അറിയാമോ? ഈ ആചാരത്തെ കുറിച്ച് അറിയാൻ നമ്മുക്ക് ജർമനി വരെ ഒന്ന് പോയാലോ. ക്രിസ്മസ് മരം അലങ്കരിക്കുമ്പോൾ നമ്മൾ സാധാരണയായി മനോഹരമായ വർണ്ണവിളക്കുകളും തിളങ്ങുന്ന നക്ഷത്രങ്ങളുമാണ് തൂക്കാറുള്ളത്. എന്നാൽ ജർമ്മനിയിലെ ക്രിസ്മസ് ആഘോഷങ്ങളിൽ അല്പം വ്യത്യസ്തമായ ഒരതിഥി കൂടിയുണ്ട്, ഒരു പച്ച അച്ചാർ. അച്ചാർ എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലേത് പോലെയുള്ള അച്ചാറുകൾ അല്ല. മറിച്ച് വെള്ളരിക്ക അച്ചാർ (Christmas Pickle). ഉപ്പിലിട്ട നല്ല രസികൻ വെള്ളരിക്കയാണ് ജർമ്മനിയിലെ ക്രിസ്മസ് മരത്തിലെ താരം. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും ഇതിന് പിന്നിൽ വലിയൊരു ആവേശമുണ്ട്.
പച്ചനിറത്തിലുള്ള ഈ പിക്കിൾ അലങ്കാരം ക്രിസ്മസ് തലേന്ന് മരത്തിന്റെ കൊമ്പുകൾക്കിടയിൽ ആരും കാണാതെ ഒളിപ്പിക്കുന്നു. ക്രിസ്മസ് ദിവസം രാവിലെ കുട്ടികൾ എഴുന്നേറ്റ് വന്ന് ഇത് കണ്ടെത്താൻ മത്സരിക്കും. മരത്തിലെ പച്ചനിറത്തിനിടയിൽ ഈ പച്ച അച്ചാർ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ആദ്യമായി ഇത് കണ്ടുപിടിക്കുന്ന കുട്ടിക്ക് ആ വർഷത്തെ ക്രിസ്മസ് സമ്മാനങ്ങളിൽ ഒരെണ്ണം അധികമായി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ, വരാനിരിക്കുന്ന വർഷം മുഴുവൻ ആ കുട്ടിക്ക് ഭാഗ്യമുണ്ടാകുമെന്നും ജർമ്മൻകാർ വിശ്വസിക്കുന്നു. കുട്ടികളിൽ നിരീക്ഷണ പാടവം വളർത്താനും ആഘോഷങ്ങളിൽ അവരെ സജീവമായി പങ്കുചേർക്കാനും ഇത് സഹായിക്കുന്നു.
രസകരമായ വസ്തുതയെന്തെന്നാൽ, പല ജർമ്മൻ കുടുംബങ്ങളും തങ്ങൾക്കിടയിൽ ഇങ്ങനെയൊരു ആചാരമില്ലെന്നും ഇത് അമേരിക്കക്കാർ നിർമ്മിച്ചെടുത്ത കഥയാണെന്നും വാദിക്കുന്നു. എങ്കിലും, ഇന്നും ലോകമെമ്പാടുമുള്ള ക്രിസ്മസ് മാർക്കറ്റുകളിൽ ഈ ഗ്ലാസ് പിക്കിളുകൾ വിറ്റഴിക്കപ്പെടുന്നു. പാരമ്പര്യമാണെങ്കിലും അല്ലെങ്കിലും, കുടുംബങ്ങൾ ഒത്തുചേരുമ്പോൾ ഇതൊരു വലിയ വിനോദമായി മാറിയിട്ടുണ്ട്.