

ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബറിൻ്റെ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കങ്ങൾ തുടങ്ങും (Christmas – Religious practices). കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'മംഗളവാർത്താക്കാളം' എന്നാണിത് അറിയപ്പെടുന്നത്. യേശുവിൻ്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ് ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്. മാംസം, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിൻ്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ് ദിനത്തിൽ തന്നെയാണ് കർമ്മങ്ങൾ.