തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് (UDF) മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരുവനന്തപുരത്തെത്തി (KC Venugopal Thiruvananthapuram Visit). കഴിവും പ്രാപ്തിയുമുള്ള നേതാക്കൾ പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നും തിങ്കളാഴ്ച തന്നെ മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ശേഷം ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങൾ പൂർണ്ണമായി അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസുകാരെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയുടെ അന്തിമ തീരുമാനം അംഗീകരിച്ച് ഒരുമിച്ച് മുന്നോട്ടുപോകുക എന്നത് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനകളിൽ അതൃപ്തി രേഖപ്പെടുത്തിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ കെ.സി. വേണുഗോപാൽ നേരിട്ട് സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ച് “സൈബർ ഇടങ്ങളിൽ തന്നെ ഒരുപാട് പിച്ചി ചീന്തിയില്ലേ” എന്ന് വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്.
വിമാനത്താവളത്തിലെ സ്വീകരണം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കെ.സി. വേണുഗോപാലിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, പഴകുളം മധു, പ്രവീൺ കുമാർ, കെ. ജയന്ത്, മാത്യു കുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
News Summary: AICC General Secretary (Organisation) K.C. Venugopal arrived in Thiruvananthapuram amidst ongoing discussions regarding the UDF cabinet formation. He announced that capable leaders will be inducted into the ministry and all cabinet members will take their oaths together on Monday. Emphasizing party discipline, Venugopal stated that Kerala Congress workers are deeply loyal to the high command’s decisions and it is everyone’s responsibility to move forward unitedly under the leadership of CM-designate V.D. Satheesan. He also gave an emotional response regarding the recent targeted cyber-attacks against him. Reports suggest he might visit veteran leader Ramesh Chennithala to resolve internal discontents. KPCC President Sunny Joseph along with MLAs P.C. Vishnunadh, Mathew Kuzhalnadan, and other senior leaders received him at the airport.

