ഇന്ത്യൻ സ്‌കൂൾ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പ്രീ ക്വാർട്ടറിൽ
Nov 20, 2023, 20:52 IST

ഇന്ത്യൻ സ്‌കൂൾ ഫുട്‌ബോൾ ടീം കേരളത്തിൽ നടന്നു വരുന്ന സിബിഎസ്‌ഇ ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് പ്രീക്വാർട്ടറിൽ ഇടം നേടി. ഗ്രൂപ്പ് ഡിയിൽ അവർ ലീഗിലെ മികച്ച 16 ടീമുകൾക്കിടയിൽ മത്സരിക്കാനുള്ള അർഹത നേടി. ഇന്ത്യയിലുടനീളവും ഗൾഫിൽ നിന്നുമുള്ള മൊത്തം 41 സ്‌കൂളുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. സെൻട്രൽ ഹിന്ദു ബോയ്‌സ് സ്‌കൂൾ വാരണാസി , ഔവർ ഓൺ ഹൈസ്കൂൾ, അൽ വർഖ; തക്ഷശില അക്കാദമി, ഉത്തർപ്രദേശ്; നാസിക് കേംബ്രിഡ്ജ് സ്കൂൾ, മഹാരാഷ്ട്ര എന്നിവ ഉൾപ്പെടുന്ന ഡി ഗ്രൂപ്പിലാണ് ഇന്ത്യൻ സ്കൂൾ ഉൾപ്പെട്ടിരിക്കുന്നത്. പ്രീക്വാർട്ടറിലേക്കുള്ള യാത്രയിൽ ആദ്യ മത്സരത്തിൽ സെൻട്രൽ ഹിന്ദു ബോയ്‌സ് സ്‌കൂളിനെതിരെ ഇന്ത്യൻ സ്‌കൂൾ 3-1ന്റെ ഉജ്ജ്വല വിജയം നേടി. ജെറമിയ രണ്ടുതവണ വലകുലുക്കി, ഹഫീസ് ഒരു ഗോളിന്റെ സംഭാവന നൽകി. രണ്ടാം മത്സരത്തിൽ ഹഫീസിന്റെ ഇരട്ടഗോളിലും അമ്മറിന്റെ ഗോളിലും ഔവർ ഓൺ ഹൈസ്‌കൂളിനെതിരെ 3-1 എന്ന സ്‌കോറിന് വിജയം നേടി.