

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു കഞ്ചാവ് വിൽപന നടത്തിവന്ന സംഘത്തെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.270 കിലോഗ്രാം കഞ്ചാവ് പിടികൂടി. തലശ്ശേരി ന്യൂമാഹി സ്വദേശികളായ നിവേദ് ഷൈനിത്ത് (22), ദേവാ സതീഷ് (21), അമ്പലപ്പുഴ സ്വദേശിനി എം. ദേവിക (22) എന്നിവരാണ് പിടിയിലായത്.
തൃപ്പൂണിത്തുറ ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹിൽപാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
എസ്.ഐമാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ, എ.എസ്.ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാൽ, സിവിൽ പോലീസ് ഓഫീസർമാരായ സിജിത്ത്, ഷാന്തി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ഈ കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും കൊച്ചിയിലെ വിതരണ ശൃംഖലയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ലഹരി വിൽപനയ്‌ക്കായി ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്തു പ്രവർത്തിക്കുന്ന സംഘങ്ങൾക്കെതിരെ പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.