2024ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്; മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത ബഹുമതി | Sharada JC Daniel Award 2024
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിന് പ്രശസ്ത നടി ശാരദ അർഹയായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെയാണ് പുരസ്‌കാര വിവരം അറിയിച്ചത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 32-ാമത്തെ വ്യക്തിയാണ് ശാരദ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. 2017-ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർമാനും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
മലയാളത്തിന്റെ പ്രിയങ്കരി അറുപതുകൾ മുതൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിലെ സ്ത്രീഭാവങ്ങളെ തിരശ്ശീലയിൽ അനശ്വരമാക്കിയ നടിയാണ് ശാരദയെന്ന് ജൂറി വിലയിരുത്തി.
1968-ൽ 'തുലാഭാരം', 1972-ൽ 'സ്വയംവരം' എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കൊണ്ടുവന്നു.
1977-ൽ തെലുങ്ക് ചിത്രമായ 'നിമജ്ജനം' എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.
'മുറപ്പെണ്ണ്', 'ഇരുട്ടിന്റെ ആത്മാവ്', 'യക്ഷി', 'ഏണിപ്പടികൾ', 'അടിമകൾ', 'നദി', 'എലിപ്പത്തായം' തുടങ്ങി 125-ഓളം മലയാള സിനിമകളിൽ ശാരദ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സിനിമാ ജീവിതം 1945-ൽ ആന്ധ്രപ്രദേശിൽ ജനിച്ച സരസ്വതീദേവി 'ഇരുമിത്രലു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. കുഞ്ചാക്കോയുടെ 'ഇണപ്രാവുകൾ' (1965) എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഐ.എഫ്.എഫ്.കെയിൽ റെട്രോസ്പെക്റ്റീവ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള നടി കൂടിയാണ് ഇവർ.

