

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ ഹൈക്കോടതിയെ സമീപിച്ചു. പത്തനംതിട്ട സൈബർ സെൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
അതിജീവിതയുടെ സ്വകാര്യ വിവരങ്ങളോ അവരെ തിരിച്ചറിയുന്ന രീതിയിലുള്ള വിശദാംശങ്ങളോ താൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഫെനി നൈനാൻ അവകാശപ്പെടുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിക്കപ്പെട്ട ബലാത്സംഗ കുറ്റം നിയമപരമായി നിലനിൽക്കില്ല എന്ന് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളത്.പരാതിക്കാരിയും രാഹുലും തമ്മിലുള്ള ബന്ധം പിന്നീട് തുടരാൻ അവർ ആഗ്രഹിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു.
കേസിൽ പോലീസ് തന്നെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നുണ്ടെന്നും സൈബർ പോലീസിന്റെ നടപടികൾ നിയമവിരുദ്ധമാണെന്നും ഫെനി ആരോപിക്കുന്നു. നേരത്തെ, പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചാറ്റുകൾ പ്രചരിപ്പിച്ചതിന് ഫെനിക്കെതിരെ കേസെടുത്തത്. രാഹുലുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഫെനിക്ക് അറിവുണ്ടായിരുന്നുവെന്ന് അതിജീവിത പോലീസിന് മൊഴി നൽകിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയായ ഫെനി നൈനാനെതിരെയുള്ള പോലീസ് നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് നിലപാട്.