

പാനൂർ: പാനൂരിലെ സ്കൂൾ കെട്ടിടത്തിനുള്ളിൽ ക്ലാർക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാർക്ക് ഷിബിൻ (32) ആണ് മരിച്ചത്. പാനൂർ പഴയ പത്മ ടാക്കീസ് റോഡിലെ ബാലന്റെ മകനാണ് ഷിബിൻ.വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷിബിനെ സ്കൂളിൽ നിന്നും കാണാതായത്. സഹപ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിൽ സ്കൂൾ കെട്ടിടത്തിലെ ഒരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. ഏറെ കാലമായി സ്കൂളിൽ ജോലി ചെയ്തിരുന്ന ഷിബിന്റെ മരണം സഹപ്രവർത്തകരെയും നാട്ടുകാരെയും ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തിൽ പാനൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.