തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore to KSRTC, says Finance Minister KN Balagopal)
ഈ സാമ്പത്തിക വർഷം ഇതുവരെ 1,399 കോടി രൂപയാണ് സർക്കാർ സഹായമായി കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. ഇതിൽ 879 കോടി രൂപ പെൻഷൻ വിതരണത്തിനായും 520 കോടി രൂപ മറ്റ് പ്രത്യേക സഹായങ്ങളായും അനുവദിച്ചു. ബജറ്റിൽ വകയിരുത്തിയ 900 കോടി രൂപയ്ക്ക് പുറമെ 499 കോടി രൂപ അധികമായി കോർപ്പറേഷന് നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ സഹായം നൽകുന്നതിൽ മുൻ സർക്കാരുകളെക്കാൾ വലിയ വർദ്ധനവ് വരുത്തിയതായി ധനമന്ത്രി അവകാശപ്പെട്ടു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 8,619 കോടി രൂപ നൽകി. മൊത്തം 13,621 കോടി രൂപ നൽകി. യു.ഡി.എഫ് സർക്കാർ ആകെ നൽകിയത് 1,467 കോടി രൂപ മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

