തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ. നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകാതെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘അമ്പലം വിഴുങ്ങികൾ’ എന്ന ബാനർ ഉയർത്തി ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.(Evidence will be completely destroyed, VD Satheesan again lashes out at Sabarimala gold theft case in the Kerala Assembly Session)
പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കപ്പെടും. തൊണ്ടിമുതൽ പോലും കണ്ടെത്താനാകാതെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഇതിന്റെ തെളിവാണ്. അന്വേഷണം കൃത്യമായ വഴിക്ക് നീങ്ങിയാൽ സിപിഎമ്മിലെ ഉന്നത നേതാക്കൾ ജയിലിലാകും. ഇത് തടയാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ കുറ്റപത്രം വൈകിപ്പിക്കുന്നത്. പവിത്രമായ ശബരിമലയിൽ നടന്ന ഈ കൊള്ളയിൽ ഭക്തർക്കും പൊതുജനങ്ങൾക്കും വലിയ ആശങ്കയുണ്ടെന്നും കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സഭയിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. പ്രതിപക്ഷ അംഗങ്ങൾ ഡയസിലേക്ക് കയറിയത് വാച്ച് ആൻഡ് വാർഡ് ബാനറുകൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വാച്ച് ആൻഡ് വാർഡിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് സ്പീക്കർ സഭയിൽ വ്യക്തമാക്കി.

