ആലപ്പുഴ: വാഹനം ഓടിക്കൊണ്ടിരിക്കെ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർ പ്രദീപ് ആണ് മരിച്ചത്. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.(Driver of a running KSRTC bus dies of heart attack, Bus loses control and crashes into shop)
പത്തനംതിട്ടയിൽ നിന്നും മാവേലിക്കരയിലേക്ക് വരികയായിരുന്നു ബസ്. യാത്രക്കിടെ പ്രദീപിന് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ബോധം നഷ്ടമാവുകയുമായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി നിന്നു.
ഉടൻ തന്നെ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിലുണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

