തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സന്തുലിതമായ നിലപാട് സ്വീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം. ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.(Decision will be taken after consulting the district administration, Paramekkavu Devaswom regarding Thrissur Pooram)
ആചാരങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്, ഒപ്പം തന്നെ ജനവികാരവും നിലവിലെ ദുരന്ത പശ്ചാത്തലവും കണക്കിലെടുക്കണം. ഇവ രണ്ടിനെയും ചേർത്തുവെച്ചുള്ള ഒരു തീരുമാനമാകും സ്വീകരിക്കുക. പൂരം നടത്തിപ്പ് സംബന്ധിച്ച് സർക്കാരെടുക്കുന്ന ഏത് തീരുമാനത്തോടും സഹകരിക്കും. ഇതുവരെ ഔദ്യോഗികമായി യോഗം ചേർന്ന് തീരുമാനമെടുത്തിട്ടില്ല.
നടക്കാൻ പാടില്ലാത്ത അപകടമാണ് സംഭവിച്ചത്. പൂരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ സമയത്തുണ്ടായ ഈ ദുരന്തത്തിൽ ദേശക്കാരും നാട്ടുകാരും വലിയ ദുഃഖത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുഴുവൻ തിരുവമ്പാടി ദേവസ്വം അധികൃതർക്കൊപ്പമായിരുന്നുവെന്നും ഇരു ദേവസ്വങ്ങളും ചേർന്ന് ചർച്ചകൾ നടത്തുമെന്നും ജി. സുരേഷ് വ്യക്തമാക്കി.

