Times Kerala

 തീരദേശ മേഖലയ്ക്ക് ആശ്വാസമായി കടപ്പുറത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍  

 
 തീരദേശ മേഖലയ്ക്ക് ആശ്വാസമായി കടപ്പുറത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍  
 

തീരദേശ മേഖലയുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമാകുന്നു. ദുരന്ത നിവാരണ അതോറിറ്റി ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയിലാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. 3.63 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ നിരന്തര ശ്രമഫലമായാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായത്.

തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശ്വാസമാകാന്‍ ഷെല്‍റ്റര്‍ ഉപകരിക്കും. 600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. പ്രദേശത്തെ ജനങ്ങളുടെ നിരവധി വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. നിലവില്‍ അടിയന്തര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നത്. സൈക്ലോണ്‍ ഷെല്‍ട്ടര്‍  യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.

877 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു (ബില്‍ഡിംഗ്സ്) നിര്‍മ്മാണ ചുമതല. ഗ്രൗണ്ട് ഫ്ളോറില്‍ ഡൈനിങ്ങ് ഹാള്‍, വരാന്ത, വാഷ് ഏരിയ എന്നിവയും മറ്റ് നിലകളില്‍ 2 മുറികള്‍ വാഷ് ഏരിയ, 6 ടോയ്ലറ്റ് വീതവും സജ്ജീകരിച്ചിട്ടുണ്ട്.  ഫിനിഷിങ്ങ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ അറിയിച്ചു.

Related Topics

Share this story