തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വിവിധ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിലും സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിപിഐഎം മുഖപത്രത്തിൻ്റെ രൂക്ഷവിമർശനം. മുൻകാലങ്ങളിലെ മഹാപ്രളയങ്ങളെയും ദുരന്തങ്ങളെയും അതിജീവിച്ച കേരളത്തിൽ, നിലവിലെ മഴക്കെടുതി നേരിടാൻ ഭരണസംവിധാനങ്ങൾ തികച്ചും മരവിച്ച അവസ്ഥയിലാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.(CPIM mouthpiece Criticizes Government Over Rain Relief Operations Lapse In Kerala)
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ പ്രളയഭീതിയിലാകുകയും തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുകയും ചെയ്ത ഘട്ടത്തിൽ പോലും ചടുലമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് വാർത്ത കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് അതിതീവ്ര മഴയയിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് പത്രം ആരോപിക്കുന്നു.
സംസ്ഥാന-ജില്ലാ തലങ്ങളിൽ കാര്യക്ഷമമായ കൺട്രോൾ റൂമുകൾ തുറക്കാനോ, മന്ത്രിമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ സാധിച്ചില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണവും മരുന്നും കുടിവെള്ളവും എത്തിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അന്തേവാസികൾ ബുദ്ധിമുട്ടിലാണെന്നും ആരോപണമുണ്ട്. മുതലപ്പൊഴിയിലും കോവളത്തും കടലിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. അപകടം നടന്ന് 13 മണിക്കൂറിനു ശേഷമാണ് കോസ്റ്റൽ പോലീസ് എത്തിയതെന്ന് വിമർശിക്കുന്നു. മൺസൂണിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതും, ഫണ്ട് വെട്ടിക്കുറച്ചതും, റവന്യൂ-ആരോഗ്യ വകുപ്പുകളിലെ രാഷ്‌ട്രീയപ്രേരിതമായ സ്ഥലംമാറ്റങ്ങളും പ്രവർത്തനങ്ങളെ ബാധിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആഹ്വാനപ്രകാരം സിപിഐഎം, സിഐടിയു, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ പ്രവർത്തകർ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Story Summary
CPI(M) mouthpiece heavily criticized Chief Minister V. D. Satheesan and the state government over reported lapses in managing rain disaster relief and warning systems across Kerala. The article alleged that control rooms are ineffective and relief camps face shortages, while praising opposition leader Pinarayi Vijayan and party cadres for actively engaging in rescue efforts.


