കേരള മാതൃകയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ രാജ്യവ്യാപകമാക്കണം: മന്ത്രി ജി.ആര്‍. അനില്‍

 കേരള മാതൃകയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ രാജ്യവ്യാപകമാക്കണം: മന്ത്രി ജി.ആര്‍. അനില്‍
തിരുവനന്തപുരം:  കേരളത്തില്‍ നടപ്പിലാക്കിയ മാതൃകയില്‍ ദേശവ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകള്‍ നടപ്പിലാക്കണമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്നും ഇതിനായി ദേശവ്യാപകമായി സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയല്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ കോവിഡ് മഹാമാരി മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യഘട്ടത്തില്‍ തന്നെ കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിച്ച് രോഗികള്‍ക്കും നിര്‍ധനര്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും സൗജന്യ ഭക്ഷണം നല്‍കിയതായി മന്ത്രി യോഗത്തില്‍ പറഞ്ഞു.കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി കൂടുതല്‍ നേരം സൗജന്യ നിരക്കില്‍ ഭക്ഷണം നല്കുന്നതിനുള്ള അരി ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള നിരക്കില്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചണുകളും സുഭിക്ഷാ ഹോട്ടലുകളും ഒരുക്കുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് ഹോട്ടല്‍ ഒന്നിന് പത്ത് ലക്ഷം രൂപ അനുവദിക്കണം. സംസ്ഥാനത്തിന്റെ അരിവിഹിതം മുമ്പ് ലഭിച്ചിരുന്ന പ്രകാരം 16 ലക്ഷം മെട്രിക് ടണ്ണായി പുന:സ്ഥാപിക്കണം. സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുമായി ബന്ധപ്പെട്ട് 50,000 മെട്രിക് ടണ്‍ അരി അധികമായി അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാചക വാതകത്തിന്റെ സബ്സിഡി 2020 ഏപ്രില്‍ മുതല്‍ നല്‍കുന്നില്ല. അത് പുന:സ്ഥാപിച്ച് കുടിശ്ശിക സഹിതം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യണം.

രാജ്യവ്യാപകമായി മോഡല്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കുന്നതിനായി തയ്യാറാക്കുന്നതിനുള്ള ഏഴംഗ സമിതിയില്‍ കേരളാ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ.ഡി.സജിത് ബാബുവിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

Share this story