തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഖേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഒരു ഭരണനടപടി മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.(Chief Minister VD Satheesan Defends Rathan Khelkar Appointment As Secretariat Official Dismisses Opposition Allegations)
മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയെ അന്നത്തെ മുഖ്യമന്ത്രി സമാനമായ രീതിയിൽ നിയമിച്ച കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ നിലവിലെ സ്ഥലം മാറ്റങ്ങൾ അടിയന്തര സാഹചര്യത്തിൽ എടുത്ത താൽക്കാലിക ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും, പൂർണ്ണമായ ഉദ്യോഗസ്ഥ നിയമനങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് നടത്തിയാൽ അതോടെ സി.ഇ.ഒയുടെ ജോലി തീരുകയാണ്. അത് കഴിഞ്ഞാൽ പിറ്റേ ദിവസം അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കണമെന്നാണോ ഈ വിവാദം ഉണ്ടാക്കുന്നവർ പറയുന്നത്? മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനായ രത്തൻ ഖേൽക്കർ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ളയാളാണ്, വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
നിയമനത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം ഉന്നയിച്ച പരിഹാസങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. യു.ഡി.എഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ ഖേൽക്കറാണെന്ന് പറയുന്നത് എന്തൊരു തമാശയാണെന്ന് അദ്ദേഹം പരിഹസിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാഹുൽ ഗാന്ധി മുൻപ് വിമർശനം ഉന്നയിച്ചതിനെ കേരളവുമായി കൂട്ടിക്കെട്ടേണ്ടതില്ല. ബംഗാളിൽ സി.ഇ.ഒക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വ്യക്തിപരമല്ലാതെ വിമർശനം ഉന്നയിച്ചത്. ബംഗാളിൽ എസ്.ഐ.ആറിലൂടെ നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് സി.ഇ.ഒ പുറത്താക്കിയെന്ന പരാതി കോൺഗ്രസും സി.പി.എമ്മും തൃണമൂലും ഒരുപോലെ ഉന്നയിച്ചിരുന്നു. എന്നാൽ കേരളത്തിൽ രത്തൻ ഖേൽക്കർക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കോ സി.പി.എമ്മിനോ എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനൊപ്പം മറ്റ് ചില സുപ്രധാന നിയമനങ്ങളും മന്ത്രിസഭ അംഗീകരിച്ചു. ചീഫ് വിപ്പ് ആയി അപു ജോൺ ജോസഫ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആയി കെ.സി. വിൻസെന്റ് എന്നിവരെയും നിയമിക്കും. മാധ്യമങ്ങൾ ഇത്തരം സ്വാഭാവിക ഉദ്യോഗസ്ഥ നിയമനങ്ങളെ വിവാദമാക്കാതെ കൂടുതൽ ക്രിയാത്മകമായ ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Story Summary
Chief Minister V D Satheesan dismissed the controversy over appointing former CEO Rathan Khelkar as his Secretary, calling it a routine administrative move supported by Home Minister Ramesh Chennithala. Satheesan hit back at BJP-CPIM critics, stating Khelkar has a clean track record and faced no complaints during the elections.

