Description
Digital Voice of Kerala
Thursday, February 26, 2026

Digital Voice of Kerala
HomeKerala'റീത്ത് വച്ച് മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചത്, കറുത്ത തുണിയുമായി ഒരാൾ വരുന്നത്...

‘റീത്ത് വച്ച് മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചത്, കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്, കഴുത്ത് അനക്കാനാകുന്നില്ല’: വീണ ജോർജിനെ സന്ദർശിച്ച് MV ജയരാജൻ | Veena George

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ എം.വി. ജയരാജൻ സന്ദർശിച്ചു. മന്ത്രിയെ വധിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Can’t move her neck, MV Jayarajan visits Veena George)

ഒരാൾ അടുത്തെത്തുന്ന ദൃശ്യങ്ങൾ ജയരാജൻ പുറത്തുവിട്ടു. പ്രതിഷേധമല്ല, മറിച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കം. കറുത്ത തുണിയുമായി ഒരാൾ മന്ത്രിയുടെ അടുത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും റീത്ത് വെച്ച് വധിക്കാനായിരുന്നു നീക്കമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജയരാജൻ പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിക്ക് സമീപമുള്ളത് അവരുടെ ഗൺമാനാണെന്നാണ് സൂചന. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഗൺമാന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അക്രമം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കാൻ റെയിൽവേ പോലീസ് പാലക്കാട് ഡിവിഷണൽ മാനേജർക്ക് കത്ത് നൽകും. നിലവിൽ അഞ്ച് കെ.എസ്.യു പ്രവർത്തകരെയും ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഗൺമാന്റെ പരാതിയിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

മന്ത്രിയുടെ കഴുത്തിന് ക്ഷതവും കൈകൾക്ക് മരവിപ്പും അനുഭവപ്പെടുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ എം.ആർ.ഐ സ്കാനിംഗിൽ മറ്റ് ഗുരുതര പ്രശ്നങ്ങളില്ല. മെഡിക്കൽ ബോർഡ് യോഗം ചേരും. പത്ത് മണിയോടെ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ അക്രമത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പത്ത് പേരടങ്ങുന്ന പ്രത്യേക ക്വിക് റെസ്‌പോൺസ് ടീം ഇനി മുതൽ പ്രതിപക്ഷ നേതാവിനെ അനുഗമിക്കും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടികളിൽ അതാത് ഡി.വൈ.എസ്.പിമാർക്ക് സുരക്ഷാ ചുമതല നൽകാൻ നിർദ്ദേശിച്ചു. വി.ഡി. സതീശൻ പങ്കെടുക്കുന്ന പൊതുപരിപാടികളിലും അദ്ദേഹം കടന്നുപോകുന്ന വഴികളിലും കൂടുതൽ പോലീസുകാരെ വിന്യസിക്കും. നിലവിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് ആലപ്പുഴ ജില്ലയിലെ ആറ് മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ കടുപ്പിച്ചത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയത്. പോലീസ് വലയം ഭേദിച്ചെത്തിയ പ്രതിഷേധക്കാർ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേൽപ്പിച്ചു. സ്പീക്കർ എ.എൻ. ഷംസീറും ഈ സമയം മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അക്രമത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ബുധനാഴ്ച പകൽ 3.15-ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വന്ദേഭാരതിൽ മടങ്ങാനായി സ്റ്റേഷനിലെത്തിയതായിരുന്നു മന്ത്രി. പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോകുന്നതിനിടെ ഒരുസംഘം പ്രവർത്തകർ മന്ത്രിയെ തടയുകയും ആക്രമിക്കുകയുമായിരുന്നു. അക്രമത്തിൽ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധം ഉപയോഗിച്ച് കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്.

പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്. മന്ത്രിയുടെ കഴുത്തിനേറ്റ ക്ഷതം മൂലം വലതുകൈയ്ക്ക് മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഇടതുകൈയ്ക്കും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ ആരോഗ്യനിലയും തുടർചികിത്സാ രീതികളും വിലയിരുത്തുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരും. ആശുപത്രിക്ക് മുന്നിൽ വെച്ച് മന്ത്രിയെ കരിങ്കൊടി കാണിക്കുകയും വാഹനത്തിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് കെ.കെ ഷിനാജ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

സംഭവത്തിന് പിന്നാലെ ജില്ലയിൽ രാഷ്ട്രീയ സംഘർഷം പുകയുകയാണ്. കോടിയേരിയിലെ പാറാൽ കോൺഗ്രസ് മണ്ഡലം ഓഫീസിന് ബുധനാഴ്ച രാത്രി അജ്ഞാതർ തീയിട്ടു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. മന്ത്രിക്കെതിരായ ആക്രമണം കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അതേസമയം, കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ആർ പി എഫ്. പ്ലാറ്റ്‌ഫോമിൽ വെച്ച് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് ആർ.പി.എഫ് വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന ഗവൺമെന്റ് റെയിൽവേ പോലീസ്, ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടത്തിയ പരിശോധനയിൽ അക്രമം വ്യക്തമാക്കുന്ന ദൃശ്യങ്ങളൊന്നും ലഭ്യമല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തിന് പിന്നാലെ മന്ത്രിയുടെ മൊഴിയെടുക്കാൻ പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ കാരണം അതിന് സാധിച്ചില്ല. തുടർന്ന് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala