ബ്രഹ്മപുരത്തെ തീ കേന്ദ്രീകൃത മാലിന്യ സംസ്കരണ അഴിമതി: മേധാ പട്കർ

തൃശൂർ: കേന്ദ്രീകൃതമായ മാലിന്യസംസ്കരണ സംവിധാനങ്ങളാണ് ബ്രഹ്മപുരത്തെ മാലിന്യത്തീക്ക് ഇടയാക്കിയതെന്നു മേധാ പട്കർ. അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. കേന്ദ്രീകൃതമായി മാലിന്യം ശേഖരിക്കപ്പെടുന്നതിന്റെ അശാസ്ത്രീയതയും ജനാധിപത്യ വിരുദ്ധതയും തുറന്നുകാട്ടേണ്ടതുണ്ട്. കേന്ദ്രീകൃതമായ മാലിന്യ സംസ്കരണ സംവിധാനം അഴിമതിക്ക് ഇടയാക്കുന്നെന്നും അതാണ് ബ്രഹ്മപുരത്ത് കാണാനാകുന്നതെന്നും മേധാ പട്കർപറഞ്ഞു.
വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതി ആഘാത പഠനം വേണമെന്ന നിർദേശത്തിൽ വെള്ളം ചേർത്തിരിക്കുന്നു. കോർപറേറ്റുകളെ വികസന പ്രവർത്തനങ്ങൾ ഏൽപ്പിക്കാൻ വേണ്ടിയാണിത്. ഇത് ആത്യന്തികമായി ബാധിക്കുന്നത് പ്രകൃതിയെയും മനുഷ്യനെയുമാണ്. നമ്മുടെ ആയുസിനെ ബാധിക്കുന്ന കാര്യമാണെന്നും നമ്മൾ ജീവിതരീതികളെ സ്വയം വിലയിരുത്തേണ്ടതുണ്ടെന്നും മേധാ പട്കർ പറഞ്ഞു.