ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട അപ്രതീക്ഷിത പരാജയം ജനങ്ങൾ നൽകിയ ഗൗരവകരമായ മുന്നറിയിപ്പാണെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam CPI). ഭരണത്തിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്തി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സർക്കാരിനും മുന്നണിക്കും സാധിച്ചില്ലെന്ന് ബിനോയ് വിശ്വം സമ്മതിച്ചു. വ്യക്തിപൂജ പോലുള്ള കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ തെറ്റാണെന്നും അത്തരം പ്രവണതകൾ തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ മാറണമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളെ അദ്ദേഹം തള്ളി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന ശൈലി അതല്ലെന്നും നിലവിൽ പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോൾ, പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തിൽ സിപിഎം എടുക്കുന്ന തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.ഇടതുപക്ഷ ചേരി ഉപേക്ഷിച്ച് ബിജെപിയിലേക്കും വലതുപക്ഷത്തേക്കും പോയ വോട്ടർമാരെ ‘വർഗ്ഗവഞ്ചകർ’ എന്ന നിലപാടിൽ തന്നെയാണ് പാർട്ടി ഇപ്പോഴും കാണുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തമായ ഇടതുപക്ഷം അത്യാവശ്യമാണെന്നും ജനകീയ അടിത്തറ വീണ്ടെടുക്കാൻ ആഴത്തിലുള്ള പരിശോധനകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: CPI State General Secretary Binoy Viswam described the LDF’s unexpected defeat in the Kerala Assembly elections as a “stern warning” from the public. Speaking in Delhi, he admitted that mistakes were made and emphasized the need for course correction, specifically mentioning that “personality cults” are major errors. Regarding the Opposition Leader post, he stated that the CPM should make the decision. He also dismissed social media demands for his resignation, stating that leadership changes in the Communist party follow specific protocols.

