കോതമംഗലം: കോതമംഗലം വടാട്ടുപാറയിലെ പാലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു (Kothamangalam Drowning News). കോതമംഗലം ബസേലിയസ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥികളായ ബിൻസി ബിയോൺ (തിരുവല്ല), ഹരീഷ് (തിരുവനന്തപുരം), അതുൽ (കോട്ടയം) എന്നിവരാണ് മരിച്ചത്. ഇന്ന് (മെയ് 10, 2026) ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഒമ്പത് പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇടമലയാർ ഡാമിന് താഴെയുള്ള പുഴയിൽ കുളിക്കാനെത്തിയത്. ഇതിനിടെ ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് രണ്ടുപേർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഉൾവനത്തോടു ചേർന്നുള്ള വിജനമായ പ്രദേശമായതിനാലും മൊബൈൽ കവറേജ് ഇല്ലാത്തതിനാലും അപകടവിവരം പുറത്തറിയാൻ വൈകി. കോതമംഗലത്ത് നിന്നും അഗ്നിരക്ഷാ സേനയും പോലീസും എത്തി മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇവിടെ പുഴയിൽ അടിയൊഴുക്കും ആഴമുള്ള കുഴികളും കൂടുതലായതിനാൽ അപകടസാധ്യത ഏറെയാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിദ്യാർത്ഥികൾ ഇത് ശ്രദ്ധിക്കാതെ പുഴയിലിറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് കുട്ടമ്പുഴ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: In a tragic incident, three dental students from Mar Baselios Dental College, Kothamangalam, drowned while bathing in the Palavanpadi river at Vadattupara today (May 10, 2026). The deceased have been identified as Biyon (Thiruvalla), Harish (Thiruvananthapuram), and Athul (Kottayam). The accident occurred around noon in a remote forest area downstream of the Idamalayar dam. One student got caught in a strong current, and the other two drowned while trying to save him. Rescue efforts were delayed due to poor mobile connectivity in the area.

