റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള ബാംബൂ മിഷന്റെ ബാംബൂ തൈ വിതരണ പദ്ധതിക്കും മുളന്തൈ നടീൽ പരിപാടിക്കും വാഴക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (BMC), കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് പ്ലാന്റ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി (Bamboo Sapling Distribution Vazhakkad). ചാലിയാർ നദീതീരത്തെ എളമരം കടവിൽ നടന്ന ചടങ്ങിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ബാംബൂ തൈ വിതരണ പദ്ധതിയും മുളന്തൈ നടീലും ഉദ്ഘാടനം ചെയ്തു. മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് പ്ലാന്റ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ഇൻ-ചാർജും സയന്റിസ്റ്റുമായ പ്രദീപ് മുഖ്യാതിഥിയായി പങ്കെടുത്തു.
ചാലിയാർ പുഴയോര സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മുളകൾക്ക് നിർണായക പങ്കുണ്ടെന്ന് ചടങ്ങിൽ വിലയിരുത്തി. നദീതീരങ്ങളിൽ മുള നട്ടുപിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും സഹായകരമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുസ്തഫ വാഴക്കാട്, പുഷ്പ എം., ജില്ലാ പഞ്ചായത്ത് അംഗം ജൈസൽ എളമരം, വാർഡ് അംഗങ്ങളായ കെ.സി. മുത്തുകോയ തങ്ങൾ, കെ.എം. ജമീല ടീച്ചർ, സജിത രാജേഷ്, ലീല രാധാകൃഷ്ണൻ എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. മലബാർ ബോട്ടാണിക്കൽ ഗാർഡനിലെ ജൂനിയർ സയന്റിസ്റ്റുമാരായ ഡോ. മഞ്ജുള കെ.എം., ഡോ. ബി. രഘുപതി, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ജൂനിയർ സയന്റിസ്റ്റ് ഡോ. അജീഷ് കുമാർ, ജൈവവൈവിധ്യ പരിപാലന സമിതി ജില്ലാ കോ-ഓർഡിനേറ്റർ അനിൽകുമാർ, അസോസിയേറ്റ് പ്രൊഫസർ നസ്രുള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങളായ അൻവർ ഷെരീഫ്, എക്സൽ ജമാൽ, എം.പി. ചന്ദ്രൻ, ഷുക്കൂർ, ഫാത്തിമ മണ്ണറോട്ട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് എളമരം കടവിലും പരിസര പ്രദേശങ്ങളിലുമായി മുളന്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ചാലിയാർ നദീതീരത്തിന്റെ ഹരിതാഭ വർധിപ്പിക്കുന്നതിനുമുള്ള കൂട്ടായ പ്രവർത്തനമായി പരിപാടി മാറി.
Summary: As part of World Environment Conservation Day, Kerala Bamboo Mission launched a bamboo sapling distribution and plantation drive at Elamaram Kadavu on the banks of the Chaliyar River in Vazhakkad. The initiative aims to strengthen riverbank protection, conserve biodiversity, and promote environmental awareness through community participation.


