ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് വീണ്ടും മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75)യാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് വിശാലാക്ഷിക്ക് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (Another snakebite death in Kerala, Elderly woman dies tragically in Idukki)
കണ്ണൂരിൽ മരിച്ച നബീസ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശംഖുവരയൻ പാമ്പാണ് ഇവരെ കടിച്ചതെന്നാണ് സംശയം. മരണങ്ങൾക്കിടയിലും മറ്റ് രണ്ട് പാമ്പുകടി കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ ശർമിളയ്ക്ക് റിസോർട്ടിൽ വെച്ച് പാമ്പ് കടിയേറ്റു. കാലിന്റെ വിരലിൽ കടിയേറ്റ ഇവരെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ഞലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
രാമൻകുളങ്ങരയിൽ പരിസരം വൃത്തിയാക്കുന്നതിനിടെ സുദേവൻ എന്നയാൾക്ക് പാമ്പ് കടിയേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിലാണ്. തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

