HomeKeralaആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ വിട; അഞ്ച് കുരുന്നുകൾക്ക് ഇനി അവൾ...

ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ വിട; അഞ്ച് കുരുന്നുകൾക്ക് ഇനി അവൾ കാവലാൾ | Alin Sherin Abraham Funeral

പത്തനംതിട്ട: വേർപാടിലും അഞ്ച് പേർക്ക് പുതുജീവൻ നൽകി മടങ്ങിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന് (10 മാസം) യാത്രാമൊഴി (Alin Sherin Abraham Funeral). മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിലെ വസതിയിലും പള്ളിയിലുമായി നടന്ന ചടങ്ങുകളിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി.

സംസ്ഥാന സർക്കാരിന് വേണ്ടി പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെ വൻ ജനവലിിയാണ് ആലിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.

ആലിന്റെ അവയവങ്ങൾ സ്വീകരിച്ച കുട്ടികൾ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന ശുഭവാർത്തയും ഇതിനിടെ പുറത്തുവന്നു.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തു വയസ്സുകാരി ശ്രേയയ്ക്ക് ആലിന്റെ രണ്ട് വൃക്കകളും വിജയകരമായി വെച്ചുപിടിപ്പിച്ചു.

തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള ആറുമാസം പ്രായമുള്ള ധ്രിയയ്ക്കും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും നേത്രപടലങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും വരുംദിവസങ്ങളിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.
മല്ലപ്പള്ളി സ്വദേശികളായ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിൻ, എം.സി റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് വിടവാങ്ങിയത്. മകളുടെ വിയോഗത്തിനിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനം കേരളം എന്നും ആദരവോടെ സ്മരിക്കും.
Clickable Info Box