Times Kerala

 നീലേശ്വരത്ത് റിംഗ് കമ്പോസ്റ്റ് വിതരണം തുടങ്ങി

 
 നീലേശ്വരത്ത് റിംഗ് കമ്പോസ്റ്റ് വിതരണം തുടങ്ങി
 കാസര്‍കോട്: ജൈവ മാലിന്യ സംസ്‌കരണത്തില്‍ നീലേശ്വരം നഗരസഭ ഒരു ചുവട് കൂടി മുന്നോട്ട്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന 1400 റിംഗ് കമ്പോസ്റ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ആദ്യ ബാച്ച് റിംഗ് കമ്പോസ്റ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. മുഴുവന്‍ യൂണിറ്റുകളും ഫെബ്രുവരി പകുതിയോടെ വിതരണം ചെയ്യും.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.പി.രവീന്ദ്രന്‍, വി.ഗൗരി, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ റഫീക്ക് കോട്ടപ്പുറം, ഷംസുദ്ദീന്‍ അറിഞ്ചിറ, പി.പി.ലത, എം.കെ.വിനയരാജ്, കെ.വി.കുഞ്ഞിരാമന്‍, എം.ഭരതന്‍, ടി.വി. ഷീബ, അബൂബക്കര്‍, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍, ജെ.എച്ച്.ഐമാരായ നാരായണി, പി.പി.സ്മിത, രചന എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ടി.പി ലത സ്വാഗതം പറഞ്ഞു.ജൈവ മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ 508 റിംഗ് കമ്പോസ്റ്റു യൂണിറ്റുകളും 500 പിറ്റ് കമ്പോസ്റ്റു യൂണിറ്റുകളും 2840 പൈപ്പ് കമ്പോസ്റ്റു യൂണിറ്റുകളും നഗരസഭ വിതരണം ചെയ്തിരുന്നു. അജൈവ മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ നീലേശ്വരം നഗരസഭ സമ്പൂര്‍ണ്ണ സ്മാര്‍ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസം നടത്തിയിരുന്നു.ശുചിത്വ മിഷന്റെ സഹകരണത്തോടെയും, കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയും ഹരിത കര്‍മ്മസേനയും, തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് നഗരസഭാ പരിധിയിലെ 11,858 വീടുകളിലും 2,419 സ്ഥാപനങ്ങളിലും ക്യു.ആര്‍ കോഡ് പതിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം. വാര്‍ഡുകളില്‍ നിന്നുള്ള അജൈവ മാലിന്യ ശേഖരണത്തിനായി ഒരു മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററും ഏഴ് മിനി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററുകളും ഒരു റിസോഴ്‌സ് റിക്കവറി സെന്ററുമാണ് നിലവിലുള്ളത്. ചിറപ്പുറത്തെ സംസ്‌കരണ പ്ലാന്റില്‍ രണ്ട് പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീനുകളും രണ്ട് ബെയിലിംഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കോടിയോളം രൂപ ചെലവില്‍ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തനം നടന്നു വരികയാണ്.

Related Topics

Share this story