സ്വന്തം ഉപയോഗത്തിനും വില്‍പനയ്‌ക്കുമായി വീട്ടിൽ വളർത്തിയത് 9 കഞ്ചാവു ചെടികൾ; യുവാവ് പിടിയില്‍

news
 എറണാകുളം: വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്‌റ്റിൽ. വടക്കേക്കര പട്ടണം പുഴക്കരേടത്ത് വീട്ടിൽ സിജോ എന്ന 26- കാരനാണ് അറസ്‌റ്റിലായത്. വടക്കേക്കര പൊലീസ് ഇൻസ്പെക്‌ടർ വി.സി സൂരജിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളിൽ മണലും വളവും നിറച്ച രണ്ടു പ്ലാസ്‌റ്റിക് പാത്രങ്ങളിലായി ഒമ്പത് കഞ്ചാവ് ചെടികൾ കണ്ടെത്തുന്നത്.അതിൽ നിന്നും ഒരു ചെടി വെട്ടി ഇലകൾ വിൽപന ആവശ്യത്തിനായി സമീപത്ത് ഒരു സ്റ്റീല്‍ പാത്രത്തിൽ ഉണക്കാൻ ഇട്ടിരുന്നു. മാത്രമല്ല പൊലീസ് പരിശോധന സമയത്ത് ചെടികൾ പൂവിട്ട നിലയിലായിരുന്നു.സ്‌കൂൾ കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നതിനും, സ്വന്തം ഉപയോഗത്തിനു വേണ്ടിയാണ് കഞ്ചാവ് നട്ടു വളർത്തുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഞ്ചാവ് ചെടിയും ഉണക്കിയ കഞ്ചാവും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share this story