

ക്രിസ്തുമസ് - പുതുവത്സരത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പാദനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം എഡിഎം ആശാ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്നു. ലഹരി ഉപയോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും പൊലീസ്, എക്സൈസ്, കോസ്റ്റൽ പൊലീസ്, റെയിൽവേ പൊലീസ് എന്നിവയുടെ സംയുക്ത പരിശോധന ശക്തമാക്കാൻ കമ്മിറ്റി നിർദേശിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഡി ജെ പാർട്ടികളിൽ പൊലീസ് നിരീക്ഷണം ഉറപ്പുവരുത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ, ട്രെയിനുകൾ എന്നിവ പരിശോധിക്കും. പൊതുജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാനും കമ്മിറ്റി നിർദ്ദേശിച്ചു.
ആലപ്പുഴ ഡിവിഷനിൽ കഴിഞ്ഞ ജനകീയ യോഗത്തിന് ശേഷം 345 എൻ.ഡി.പി.എസ് കേസുകൾ കണ്ടെത്തി. 329 പ്രതികളെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി 79.682 കിലോ കഞ്ചാവ്, 1090.079 ഗ്രാം ഹാഷിഷ് ഓയിൽ, 190.401 ഗ്രാം ഹാഷിഷ്, 225.672 ഗ്രാം എംഡിഎംഎ , 9 കഞ്ചാവ് ചെടി, 18.148 ഗ്രാം മെറ്റഫിറ്റമിൻ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. 521 അബ്‌കാരി കേസുകളും, 2486 കോട്പാ കേസുകളും കണ്ടെത്തുകയും 413 അബ്‌കാരി കേസുകളിൽ പ്രതികളെ പിടികൂടുകയും ചെയ്തു. 190 ലിറ്റർ ചാരായം, 1469.235 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 2405 ലിറ്റർ വാഷ്, 59 ലിറ്റർ കള്ള്, 26.400 ലിറ്റർ ബിയർ, 4.685 ലിറ്റർ വ്യാജ മദ്യം എന്നിവ കണ്ടെത്തുകയും 22 വാഹനങ്ങൾ പിടിച്ചെടുക്കുകയും 4,97,200 രൂപ കോട്പ ഇനത്തിൽ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എ പി ഷാജഹാൻ, വിമുക്തി മാനേജർ ഇ പി സിബി, മറ്റ് രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.