

തിരുവനന്തപുരം : ലോക ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കററ് ടീമംഗങ്ങൾ നാളെ ( വ്യാഴാഴ്ച) തലസ്ഥാന നഗരിയിൽ പരിശീലനത്തിനിറങ്ങും. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങുന്നത്. ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയുടെ ഭാഗമായാണ് ലോക ചാമ്പ്യന്മാർ തലസ്ഥാന നഗരിയിൽ എത്തുന്നത്.
അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ മൂന്നു മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുന്നത്. ഡിസംബർ 26 , 28 , 30 തീയതികളിലായി കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ. ഇന്ന് [ ഡിസംബർ 25] ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ ശ്രീലങ്കൻ ടീം പരിശീലനത്തിനിറങ്ങും, വൈകീട്ട് 6 മണി മുതൽ രാത്രി 9 വരെ ഇന്ത്യൻ ടീം പരിശീലനം നടത്തും.
ചരിത്രത്തിൽ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിന് കേരളത്തിന്റെ തലസ്ഥാനം വേദിയാവുന്നത്.
ലോക കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ തലസ്ഥാന നഗരിയിൽ എത്തുന്നതാണ് ക്രിക്കറ്റ് സ്നേഹികളെ ആവേശത്തിലാഴ്ത്തുന്നത്. ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ സ്‌മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ സൂപ്പർ നായികയായ ജെമീമ റോഡ്രിഗ്രസ് , ഫൈനലിലെ താരം ഷഫാലി വർമ്മ എന്നിവരും കേരളത്തിന്റെ ക്രീസിൽ ബാറ്റ് വീശും. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷും കൂടി ക്രീസിലിറങ്ങുന്നതോടെ കാര്യവട്ടത്ത് മികച്ചൊരു ക്രിക്കറ്റ് വിരുന്നു തന്നെയാണ് കായിക സ്നേഹികൾ പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ടു മത്സരങ്ങളും വിശാഖ പട്ടണത്താണ് നടന്നത്. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ 2 -0 നു പരമ്പരയിൽ മുന്നിലാണ്.