എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പറവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പത്രിക നൽകി. രാജീവ് ഭവനിൽ നിന്ന് പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തിയാണ് അദ്ദേഹം അഡീഷണൽ തഹസിൽദാർ ഓഫീസിൽ പത്രിക സമർപ്പിച്ചത്. പ്ലാച്ചിമട സമര സമിതിയാണ് വി.ഡി. സതീശന് കെട്ടിവെക്കാനുള്ള തുക നൽകിയത് എന്നത് ശ്രദ്ധേയമായി.(VD Satheesan files nomination papers, Activists celebrate by chanting slogans)
മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രവർത്തകരും സതീശനൊപ്പം ഉണ്ടായിരുന്നു. മറ്റു പ്രധാന മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ആവേശത്തോടെ പത്രികാ സമർപ്പണം പൂർത്തിയാക്കി. പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയും ഒറ്റപ്പാലത്ത് ബിജെപി സ്ഥാനാർത്ഥി മേജർ രവിയും പത്രിക നൽകി. മുൻ സൈനികരായ സുഹൃത്തുക്കളാണ് മേജർ രവിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറിയത്.
വിവിധ മുന്നണികളിലെ പ്രധാന സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിച്ചു. യു ഡി എഫിൽ നിന്ന് അപു ജോൺ ജോസഫ് (തൊടുപുഴ), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), കെ.എസ്. ശബരീനാഥൻ (നേമം), പി.കെ. ഫിറോസ് (കൊടുവള്ളി), പി.വി. അൻവർ (ബേപ്പൂർ) എന്നിവരും, എൽ ഡി എഫിൽ നിന്ന് എ.കെ. ശശീന്ദ്രനും (എലത്തൂർ), എൻഡിഎയിൽ നിന്ന് ബി. ഗോപാലകൃഷ്ണൻ (ഗുരുവായൂർ), അഖിൽ മാരാർ (തൃക്കാക്കര), ശ്യാംരാജ് (മാനന്തവാടി) എന്നിവരും, പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വി. കുഞ്ഞികൃഷ്ണനും പത്രിക നൽകി.

