Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeWorldറഷ്യൻ Su-57 യുദ്ധവിമാന നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം | Fire

റഷ്യൻ Su-57 യുദ്ധവിമാന നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം | Fire

🎙️ Latest Podcast

മോസ്കോ: റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ Su-57 നിർമ്മിക്കുന്ന ഏക കേന്ദ്രമായ കോംസോമോൾസ്ക്-ഓൺ-അമൂർ ഏവിയേഷൻ പ്ലാന്റിൽ തീപിടുത്തം. റഷ്യയുടെ കിഴക്കൻ മേഖലയിലുള്ള ഖബറോവ്സ്ക് ക്രായിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റിലെ പ്രധാനപ്പെട്ട ഒരു വർക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായതെന്ന് സോഷ്യൽ മീഡിയ ദൃശ്യങ്ങളും രഹസ്യാന്വേഷണ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.(Fire breaks out at Russian Su-57 fighter jet manufacturing facility)

പ്ലാന്റിലെ 46-ാം നമ്പർ വർക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. Su-57 വിമാനങ്ങളുടെ നിർമ്മാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട പോളിമർ കോമ്പോസിറ്റ് മെറ്റീരിയൽ ഘടകങ്ങൾ നിർമ്മിക്കുന്നത് ഇവിടെയാണ്. വിമാനത്തിന്റെ ചിറകുകൾ, ഫ്ലോർ സെക്ഷനുകൾ തുടങ്ങി മുന്നൂറോളം വ്യത്യസ്ത ഭാഗങ്ങൾ ഇവിടെയാണ് നിർമ്മിക്കുന്നത്.

വിമാനത്തിന്റെ ഭാരം കുറയ്ക്കാനും റഡാറുകളുടെ കണ്ണിൽ പെടാതിരിക്കാനും സഹായിക്കുന്ന പ്രത്യേക ഘടകങ്ങൾ ഈ വർക്ക്ഷോപ്പിലാണ് നിർമ്മിക്കുന്നത്. ഈ ഭാഗങ്ങൾ മറ്റ് വിതരണക്കാരിൽ നിന്ന് പെട്ടെന്ന് ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ Su-57 വിമാനങ്ങളുടെ അസംബ്ലിങ് പൂർണ്ണമായും തടസ്സപ്പെട്ടേക്കാം. അത്യാധുനികമായ ഈ ഘടകങ്ങൾ നിർമ്മിക്കുന്നതിന് വർഷങ്ങളോളം പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികളെ ആവശ്യമാണ്. യന്ത്രസാമഗ്രികൾക്കും കെട്ടിടത്തിനുമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുക എന്നത് റഷ്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

അമേരിക്കയുടെ F-22 റാപ്റ്റർ, F-35 ലൈറ്റ്നിംഗ് II എന്നിവയ്ക്ക് ബദലായി റഷ്യ വികസിപ്പിച്ചെടുത്ത അത്യാധുനിക യുദ്ധവിമാനമാണ് Su-57. റഷ്യൻ നാവിക-വ്യോമ സേനകൾക്കായി 2028-ഓടെ 76 വിമാനങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ 20 മുതൽ 25 വരെ വിമാനങ്ങൾ മാത്രമേ റഷ്യൻ സേനയുടെ പക്കലുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയമോ പ്ലാന്റ് അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. യുദ്ധവിമാന നിർമ്മാണത്തിൽ നേരിടുന്ന ഈ പുതിയ തിരിച്ചടി റഷ്യയുടെ വ്യോമശക്തിയെ ദോഷകരമായി ബാധിച്ചേക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.